Friday, May 17, 2024
keralaNewsObituary

സജീവന്റെ മരണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കുടുംബം

കൊച്ചി: പറവൂരില്‍ ഭൂമി തരം മാറ്റ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത് ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ച
സജീവന്‍ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരായ നടപടിയില്‍ തൃപ്തിയില്ലെന്ന് കുടുംബം.

ഉദ്യോഗസ്ഥര്‍ക്ക് എതിരായ നടപടി സസ്‌പെന്‍ഷനില്‍ നടപടി ഒതുക്കരുതെന്നും മാതൃകപരമായ ശിക്ഷ നല്‍കണമെന്നും സജീവന്റെ കുടുംബം ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇനിയൊരു സജീവന്‍ ഉണ്ടാകരുതെന്നും കുടുംബം. കേസില്‍ ആറ് റവന്യൂ ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. സജീവന്റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പറവൂര്‍ മാല്യങ്കര സ്വദേശിയായ മത്സ്യത്തൊഴിലാളി സജീവന്‍ കഴിഞ്ഞ മാസം നാലിനാണ് ആത്മഹത്യ ചെയ്തത്.
തുടര്‍ന്ന് രാത്രി വീട്ടുവളപ്പിലെ മരത്തില്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സംഭവം വന്‍ വിവാദം ആയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറെ അന്വേഷണത്തിന് നിയോഗിച്ചു. സജീവന്റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആര്‍ഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. ഒരു ജൂനിയര്‍ സുപ്രണ്ട്, മൂന്ന് ക്ലര്‍ക്കുമാര്‍, രണ്ട് ടൈപ്പിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

 

ജൂനിയര്‍ സൂപ്രണ്ട് സി ആര്‍ ഷനോജ് കുമാര്‍, സീനിയര്‍ ക്ലര്‍ക്കുമാരായ സി ജെ ഡെല്‍മ, ഒ ബി അഭിലാഷ്, സെക്ഷന്‍ ക്ലര്‍ക്ക് മുഹമ്മദ് അസ്ലാം, ടൈപ്പിസ്റ്റുകളായ കെ സി നിഷ, ടി കെ ഷമീം എന്നിവരാണിവരെയാണ് സസ്‌പെന്റ് ചെയ്തത് .