Tuesday, May 21, 2024
keralaNews

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരള തീരത്ത് ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ മരം വീണ് ഗതാഗത തടസം ഉണ്ടായി. കുളത്തൂപ്പുഴയ്ക്കടുത്ത് ആനവട്ട ചിറയിലാണ് കൂറ്റന്‍ ആഞ്ഞിലിമരം വീണത്.മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു 130 അടിയിലെത്തി. ഡാമിന്റെ വൃഷ്ടിപ്രാദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ പെയ്തിരുന്നു. നിലവില്‍ ജലനിരപ്പ് സംബന്ധിച്ചു ആശങ്കകള്‍ ഇല്ല. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്.