Saturday, May 18, 2024
keralaNews

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ആണ് കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വടക്കന്‍ കേരളത്തില്‍ കാര്യമായ മഴ സാധ്യതയില്ല.ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റും,ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം. നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്നലെ തലസ്ഥാനത്തടക്കം മഴ ശക്തമായിരുന്നു. പലയിടങ്ങളിലും കനത്ത നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന്, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍, മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.