Friday, May 17, 2024
indiaNewspolitics

ഷെട്ടാര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു

ന്യൂഡല്‍ഹി: കര്‍ണാടക മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ വീണ്ടും ബിജെപിയില്‍. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ, പാര്‍ട്ടി കര്‍ണാടക ഘടകം അദ്ധ്യക്ഷന് വിജയേന്ദ്ര എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.

മുന്‍ മുഖ്യമന്ത്രിയും നീണ്ട കാലയളവില്‍ ബിജെപി എംഎല്‍എയുമായിരുന്നു ഷെട്ടാര്‍ 2023 ഏപ്രില്‍ 16 ന് ബിജെപിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാന്‍ കാരണമായത്. പിന്നാലെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹൂബ്ലി ദര്‍വാഡ് സെന്‍ട്രലില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു.

എന്നാല്‍ ബിജെപിയുടെ മഹേഷ് തങ്കിനകയോട് 34,000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ഷെട്ടാറിന്റെ ബിജെപിയിലേക്കുള്ള മടങ്ങിവരവ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലടക്കം ഇത് പ്രതിഫലിക്കും. ഉത്തര കര്‍ണാടകയില്‍ വളരെ സ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഷെട്ടാര്‍.