Tuesday, May 21, 2024
Local NewsNews

ശരണപാതയില്‍ ചൈതന്യമായി കാളകെട്ടി ശിവപാര്‍വ്വതിക്ഷേത്രം

എരുമേലി: ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകര്‍ നടന്നുപോകുന്ന പരമ്പരാഗത കാനനപാതയായ കാളകെട്ടിയില്‍ ചൈതന്യമായി ശിവപാവ്വതി ക്ഷേത്രം.                   

ശ്രീഅയ്യപ്പന്‍ മഹര്‍ഷിയെ നിഗ്രഹിക്കുന്നത് ദര്‍ശിക്കാനായി കാളയുടെ പുറത്തെത്തിയ ശിവനും പാര്‍വ്വതിയും തങ്ങളുടെ കാളയെ ക്ഷേത്രത്തിനു സമീപമുള്ള ആഞ്ഞിലി മരത്തില്‍ കെട്ടി എന്ന വിശ്വാസത്തോടെയാണ് ഈ ക്ഷേത്രം വിശ്വാസങ്ങളുടെ മനസ്സില്‍ ഇടം നേടിയത്.

വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ശിവ – പാര്‍വ്വതി, തലപ്പാറമല ക്ഷേത്രങ്ങളുടെ പുനപ്രതിഷ്ഠയാണ് ആചാരാനുഷ്ഠാനങ്ങളുടേയും മന്ത്രങ്ങളുടേയും – വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അരങ്ങേറിയത്.

ശിവപാര്‍വ്വതി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് സമീപത്തായി തലപ്പാറമലയുടേയും ക്ഷേത്രം നിര്‍മ്മിച്ചു.ആറ് ദിവസമായി നടന്ന പുനപ്രതിഷ്ഠ ചടങ്ങുകളില്‍ ആചാരാനുഷ്ഠാനങ്ങളോടെ കൂടിയ താന്ത്രിക പ്രകാരമുള്ള പൂജകളും നടന്നു.പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ച ശിവ-പാര്‍വതി ക്ഷേത്രത്തിന് മുകളില്‍ താഴികക്കുടവും സ്ഥാപിച്ചു .

തമിഴ്‌നാട്ടില്‍നിന്നും എത്തിയ ഒരു സംഘം വിശ്വാസികള്‍ നടത്തിയ മേളവും ചടങ്ങില്‍ ശ്രദ്ധേയമായി.ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ ഈ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി വഴിപാടുകളും അന്നദാനവും കഴിച്ചാണ് പുണ്യഭൂമിയായ പൂങ്കാവനത്തിലൂടെ ശബരിമല ദര്‍ശനത്തിനെത്തുന്നത്.

കാട്ടാനകളും -കാട്ടുപോത്തുകളും -മറ്റ് മൃഗങ്ങളും -പക്ഷികളും -പൂങ്കാവനവും സംരക്ഷണം നല്‍കുന്ന കാളകെട്ടി ശിവപാര്‍വ്വതി ക്ഷേത്രം പുനപ്രതിഷ്ഠയോടെ നിറഞ്ഞ ശോഭയില്‍ ജനങ്ങള്‍ക്കും നാടിനും ഐശ്വര്യവും-അനുഗ്രഹവും പ്രദാനം ചെയ്യും.

ശബരിമല പൂങ്കാവനത്തിന് തിലകക്കുറിയായി കാളകെട്ടി ശിവപാര്‍വ്വതി ക്ഷേത്രം മാറുന്നതോടെ തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളം കൂടുതല്‍ സൗകര്യങ്ങളിലേക്ക് ഉയരുകയാണെന്നും ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.         

ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പറമ്പൂര്‍ ഇല്ലം ത്രിവിക്രമന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ ദാമോദരന്‍ നമ്പൂതിരി മഴുവഞ്ചേരി ഇല്ലം, ക്ഷേത്ര ശില്പി സുനില്‍ കൃഷ്ണന്‍ , ആശ്രമം ഭരണ സമിതി പ്രസിഡന്റ് വിഎസ് പങ്കജാക്ഷന്‍ ,

സെക്രട്ടറി എ. എസ് സുനീഷ് , ജോയി . സെക്രട്ടറി കെ പി മനോജ്, ട്രഷറര്‍ കെഎസ് സുബിന്‍,ഉത്സവ കമ്മറ്റി കണ്‍വീനര്‍ രാജു പി എസ് , ജോയിന്റ് കണ്‍വീനര്‍ അജിത് കുമാര്‍ എ ആര്‍ എന്നിവര്‍ പുനപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി