Wednesday, May 15, 2024
keralaNews

ശമ്പള വിതരണം നീളുന്നു: കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിനില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം നീളുന്നു. മെയ് മാസം 11 ആയിട്ടും ശമ്പളം വിതരണം ചെയ്തിട്ടില്ല.

മെയ് 10 നകം ശമ്പളം ലഭിക്കുമെന്ന വിശ്വാസത്തില്‍ മെയ് 6 ലെ പണിമുടക്കില്‍ നിന്ന് വിട്ടു നിന്ന സിഐടിയു ആഭിമുഖ്യത്തിലുള്ള യൂണിയന്‍ പ്രതിരോധത്തിലായി.                                               

തത്ക്കാലം പണിമുടക്കിനില്ലെന്ന നിലപാടിലാണ് സിഐടിയു. ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടും.

എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്‌ളോയീസ് യൂണിയനും തത്ക്കാലം കടുത്ത നിലപാടിലേക്കില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്ന് അവരും വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി ആന്റണി രാജു. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി.

നൂറ് പൊതുമഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റാണെന്നും ആന്റണി രാജു പറഞ്ഞു

കെ എസ് ആര്‍ടിസി ശമ്പള പ്രശ്‌നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍ ജീവനക്കാരെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കെ എസ് ആര്‍ടിസി സ്വകാര്യ സ്ഥാപനമല്ല,പൊതു മേഖലാ സ്ഥാപനമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു