Friday, May 17, 2024
keralaNews

ശനി, ഞായര്‍ മിനി ലോക്ഡൗണ്‍ തുടരാന്‍ സാധ്യത; ഇന്നു സര്‍വകക്ഷിയോഗം

സംസ്ഥാനത്തു നിലവിലെ സാഹചര്യങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാകില്ല. പകരം ശനി, ഞായര്‍ ദിവസങ്ങളില്‍ മിനി ലോക്ഡൗണ്‍ തുടരും. മറ്റു ദിവസങ്ങളില്‍ ജനങ്ങളുടെ ജോലി മുടങ്ങാത്ത രീതിയിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തീവ്ര കോവിഡ് വ്യാപനമുള്ള മേഖലകളില്‍ സോണല്‍ ലോക്ഡൗണിനും സാധ്യതയുണ്ട്. ഇന്നു ചേരുന്ന സര്‍വകക്ഷി യോഗത്തിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. വോട്ടെണ്ണല്‍ ദിനത്തിലെ മുന്‍കരുതലുകളെക്കുറിച്ചും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

പൂര്‍ണ ലോക്ഡൗണ്‍ തൊഴില്‍നഷ്ടത്തിനും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുമെന്നാണു സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷത്തിനും പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന അഭിപ്രായമാണ്. വിനോദ പരിപാടികള്‍ക്കു കൂടുതല്‍ നിയന്ത്രണം ആലോചിക്കുന്നുണ്ട്. ആരാധനാലയങ്ങളിലും കൂടുതല്‍ നിയന്ത്രണം വന്നേക്കും. വോട്ടെണ്ണലിനു ശേഷം ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.

തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദം കണ്ടെത്തിയ മേഖലകളില്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇക്കാര്യങ്ങളിലെ അന്തിമ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. ലോക്ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു.