Thursday, April 18, 2024
indiaNews

എന്‍.എസ്.ജി കമാന്റോ നക്സല്‍ മേഖലയിലേക്ക് പരിശീലനത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ദേശീയ സുരക്ഷാ സേനയായ എന്‍.എസ്.ജി കമാന്റോ ഇനി കമ്യൂണിസ്റ്റ് ഭീകരതയെ നേരിടും. ഇസ്ലാമിക ഭീകരതയെ തകര്‍ത്തെറിയുന്ന സേന വിഭാഗം ആഭ്യന്തര സുരക്ഷയിലേക്കും നിയോഗിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. അതിനിര്‍ണ്ണായക തീരുമാനമാണ് പ്രതിരോധ വിഭാഗവും – ആഭ്യന്തര വകുപ്പും കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരെ സംയുക്തമായി എടുത്തിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ മേഖലയിലെ കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ ഇനി എന്‍.എസ്.ജി കമാന്റോകളും അടിയന്തിര ഘട്ടത്തില്‍ ഇറങ്ങും. കമ്യൂണിസ്റ്റ് ഭീകരരുടെ രീതികളും അവരുടെ പ്രവര്‍ത്തനമേഖലകളും മറ്റ് അക്രമപ്രതിരോധ രീതികളും രാജ്യന്തര ബന്ധങ്ങളുമടക്കം വിശദമായ വിശകലനവും പരിശീലനവുമാണ് നടക്കുന്നത്.

ഇന്ത്യയുടെ എന്‍.എസ്.ജി കമാന്റോ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കമ്യൂണിസ്റ്റ് ഭീകരതയെ തകര്‍ക്കാന്‍ നിയോഗിക്കപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും ഭരണകൂട രാഷ്ട്രീയ സുരക്ഷയെ നന്നായി ഉപയോഗിക്കുന്ന കമ്യൂണിസ്റ്റ് ഭീകരതയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന നയങ്ങളാണ് രൂപപ്പെടുത്തുന്നത്. രാത്രിയും പകലും ഒരുപോലെ പോരാടാന്‍ ശേഷിയുള്ള സൈന്യമാണ് രംഗത്തിറങ്ങുന്നത്. മേഖലയില്‍ സി.ആര്‍.പി.എഫ് അടക്കമുള്ള അര്‍ദ്ധസൈനിക വിഭാഗമാണ് നിലവില്‍ പോരാടുന്നത്.

ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് അക്രമി സംഘങ്ങളും നഗരങ്ങളെ കേന്ദ്രീകരിച്ച് രാഷ്ട്രീയ അര്‍ബന്‍ നക്സലിസവുമാണ് നടക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയെ കേന്ദ്രീകരിച്ചാണ് കമ്യൂണിസ്റ്റ് ഭീകരത വളരുന്നതെന്ന നിലവിലെ സാഹചര്യത്തെ അതിവേഗം ഇല്ലാതാക്കാനാണ് ശക്തമായ പദ്ധതിയൊരുങ്ങുന്നത്. ഏറ്റവും അടിയന്തിര ഘട്ടത്തില്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന സേനാ വിഭാഗമാണ് പരിശീലനത്തിലേര്‍പ്പെടുന്നത്. കേന്ദ്രആഭ്യന്തര വകുപ്പ് എടുത്തിരിക്കുന്ന നിര്‍ണ്ണായക തീരുമാനമാണെന്നാണ് വിലയിരുത്തല്‍.

ഇതിന് മുമ്പ് 2002ല്‍ വീരപ്പനെ കണ്ടെത്താനാണ് എന്‍.എസ്.ജി നിയോഗിക്കപ്പെട്ടത്. അന്ന് 140 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്. നേരിട്ട് ഭീകരരെ നേരിടുന്ന അതീവ കാര്യ ശേഷിയുള്ള ഇന്ത്യയുടെ കമാന്റോസ് ലോകനിലവാരമുള്ളവരാണ്. മുംബൈ ആക്രമണത്തിലെ ഭീകരരെ തകര്‍ത്തുകൊണ്ടാണ് പിന്നീട് കമാന്റോകള്‍ പൊതുമദ്ധ്യത്തില്‍ ഇറങ്ങിയത്.