Monday, May 13, 2024
keralaNews

വൈക്കത്തഷ്ടമി നാളെ

അഷ്ടമി ദിനം പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദര്‍ശനമാണ് പുണ്യമായി കാണുന്ന അഷ്ടമി ദര്‍ശനം. ഉച്ചക്ക് 12 മണി വരെയാണ് ദര്‍ശനം. തുടര്‍ന്ന് താരകാസുരനെ നിഗ്രഹിക്കാന്‍ പോയ മകനെ കാത്ത് ഭക്ഷണം ഉപേക്ഷിച്ച് ഭഗവാന്‍ കാത്ത് നില്‍ക്കും. ഈ സമയം മേളവാദ്യങ്ങള്‍ നിശബ്ദമാകും വീക്ക ചെണ്ടയുടെ അകമ്പടിയിലാകും ചടങ്ങുകള്‍. രാത്രിയോടെ യുദ്ധം ജയിച്ച് വരുന്ന മകനായ ഉദയനാപുരത്തപ്പനെ വൈക്കത്തപ്പന്‍ സ്വീകരിക്കും സ്വന്തം സ്ഥാനം നല്‍കി ആദരിക്കും. തുടന്നാണ് ഒമ്പത് ദേവീദേവന്‍മാര്‍ ഒരുമിച്ച് എഴുന്നള്ളുന്ന അഷ്ടമിവിളക്ക്. അച്ഛനായ വൈക്കത്തപ്പന്‍ മകനായ ഉദയനാപുരത്തപ്പനെ യാത്രയയച്ച് വിട പറഞ്ഞ് ദുഖഭാരത്തൊടെ ശ്രീകോവിലേക്ക് മടങ്ങുന്നതോടെ 12 ദിവസത്തെ ഉല്‍സവ ചടങ്ങുകള്‍ക്ക് സമാപനമാവും.അഷ്ടമി ദിനത്തില്‍ 5 ആനകളെ മാത്രമെഴുന്നള്ളിക്കാനായിരുന്നു അനുമതി. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ ചര്‍ച്ചയിലാണ് 9 ആനകള്‍ക്ക് അനുമതി നല്‍കിയത്. അര്‍ദ്ധരാത്രിയോടെ നടന്നിരുന്ന ചടങ്ങുകളുടെ സമയക്രമവും മാറ്റിയിട്ടുണ്ട്. എഴുന്നള്ളിപ്പുകള്‍ രാത്രി 9 മണിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കും. പുലര്‍ച്ചെ നടന്നിരുന്ന വിടപറയല്‍ ചടങ്ങടക്കം രാത്രി 12 മണിക്ക് മുമ്പായി നടത്താനാണ് തീരുമാനം. ഞായറാഴ്ച വൈകിട്ടാണ് ആറാട്ട്.