Thursday, May 16, 2024
keralaNews

വീടിനകത്ത് കയറാന്‍ അനുമതിയുണ്ടെന്ന് പോലീസ് അറിയിച്ചപ്പോള്‍ രാഹുല്‍ ആ വരാന്തയിലേക്ക് കയറി. ഒരുനിമിഷം നിന്നശേഷം തിരിച്ചിറങ്ങി നടന്നു.

തിരുവനന്തപുരം: അനുജന്‍മാരുടെ ബൈക്കുകള്‍ പോര്‍ച്ചില്‍ കത്തിക്കരിഞ്ഞു കിടക്കുന്നു. തിങ്കളാഴ്ച രാത്രിയില്‍ അച്ഛന്‍ പാര്‍ക്ക് ചെയ്ത കാര്‍ മറുവശത്ത്. തൊടിയില്‍ അമ്മ നട്ടുനനച്ചിരുന്ന കറിവേപ്പും മുളക് ചെടികളും പുകപിടിച്ച് വാടി നില്‍ക്കുന്നു. രാഹുല്‍ ആ വീടും പരിസരവും നടന്നുകണ്ടു.വീടിനകത്ത് കയറാന്‍ അനുമതിയുണ്ടെന്ന് പോലീസ് അറിയിച്ചപ്പോള്‍ രാഹുല്‍ ആ വരാന്തയിലേക്ക് കയറി. ഒരുനിമിഷം നിന്നശേഷം തിരിച്ചിറങ്ങി നടന്നു.വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച വര്‍ക്കല അയന്തിയിലെ വീടാണ് നീറുന്ന കാഴ്ചകള്‍ക്ക് വേദിയായത്. ഈ കുടുംബത്തിലെ മൂത്തമകന്‍ വിദേശത്തുനിന്ന് ചൊവ്വാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. വീട്ടുകാര്‍ക്ക് അപകടം പറ്റി എന്നുമാത്രമായിരുന്നു ഇവിടെയെത്തുംവരെ രാഹുല്‍ അറിഞ്ഞിരുന്നത്. പിന്നെ പതിയെ അറിഞ്ഞു-അമ്മ മാത്രമല്ല, അച്ഛനും അനുജനും അനുജത്തിയും കുഞ്ഞും ജീവനോടെയില്ല എന്ന്.

ചൊവ്വാഴ്ച വെളുപ്പിനാണ് ബന്ധുക്കള്‍ അബുദാബിയിലുള്ള രാഹുലിനെ വിളിച്ച് വീട്ടുകാര്‍ക്ക് അപകടം പറ്റിയെന്നും പെട്ടെന്ന് എത്തണമെന്നും അറിയിച്ചത്. ഉടന്‍തന്നെ ഭാര്യ ഹീരയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം പുറപ്പെട്ടു. രാത്രിയില്‍ വന്നിറങ്ങിയ ഇവരെ അപകടം നടന്ന വീട് കാണിക്കാതിരിക്കാനായി മറ്റൊരു വഴിയിലൂടെ ചുറ്റിച്ചാണ് വീട്ടിലെത്തിച്ചത്. അപകടം നടന്ന കുടുംബവീടിന് നൂറ് മീറ്റര്‍ അകലെയാണ് രാഹുല്‍ പുതുതായി വെച്ച ‘സ്‌നേഹതീരം’ വീട്. കുടുംബാംഗങ്ങളുടെ മരണ വിവരം മാധ്യമങ്ങളിലൂടെ ഇയാള്‍ അറിഞ്ഞിരിക്കും എന്നാണ് ബന്ധുക്കള്‍ കരുതിയത്. യാത്രയായതിനാല്‍ രാഹുല്‍ ഒന്നും അറിഞ്ഞിരുന്നില്ല.

അമ്മയെവിടേ..?’ വന്നിറങ്ങിയ ഉടന്‍ രാഹുല്‍ ചോദിച്ചു. ആ വീടും പരിസരവും അപ്പോള്‍ ഉത്തരം പറയാനാകാതെ വിങ്ങി നിന്നു.ഒരു അടുത്ത ബന്ധു പതിയെ പറഞ്ഞു-‘എല്ലാം കൈവിട്ടു പോയി മോനേ..’. അമ്മ ഷെര്‍ളിയും അച്ഛന്‍ പ്രതാപനും തീപിടിത്തത്തില്‍ മരിച്ച വിവരമറിഞ്ഞ് അയാള്‍ തരിച്ചുനിന്നു.ഇയാളെ കിടപ്പുമുറിയില്‍ എത്തിച്ച് ആശ്വസിപ്പിച്ചശേഷം പതിയെപ്പതിയെ മറ്റു വിവരങ്ങള്‍ കൂടി അറിയിച്ചു. ഇളയ അനുജന്‍ അഹില്‍, മറ്റൊരനുജന്‍ നിഹുലിന്റെ ഭാര്യ അഭിരാമി, അവരുടെ എട്ടുമാസം പ്രായമായ കുഞ്ഞ് റിയാന്‍-മരിച്ചവരുടെ പട്ടിക കേട്ട് രാഹുല്‍ ഉറഞ്ഞുപോയി.ബുധനാഴ്ച രാവിലെയാണ് അപകടം നടന്ന കുടുംബവീട്ടിലേക്ക് ഇയാളെ കൊണ്ടുപോയത്. തൊടിയും പരിസരവും നടന്നുകണ്ടശേഷം വീട്ടിനുള്ളിലേക്ക് കയറാന്‍ തുനിഞ്ഞെങ്കിലും തിരിച്ചിറങ്ങുകയായിരുന്നു.ഉറ്റവരെല്ലാം പൊള്ളിയും ശ്വാസംമുട്ടിയും മരിച്ചുകിടന്ന വീടിന്റെ ഉള്‍വശം കാണാനുള്ള ത്രാണിയില്ലാതെയായിരുന്നു മടക്കം.അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി.പ്രസിഡന്റ് പാലോട് രവി, പെരിങ്ങമല രാമചന്ദ്രന്‍ തുടങ്ങി പലരും ആശ്വസ വാക്കുകളുമായി വീട്ടിലെത്തിയപ്പോഴാണ് രാഹുല്‍ തന്റെ മുറി വിട്ട് പുറത്തിറങ്ങിയത്.