Thursday, May 16, 2024
keralaNews

വിശദീകരണം തേടി ഹൈക്കോടതി ;ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍ക്ക് അടിയന്തര സ്റ്റേ ഇല്ല

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ പരിഷ്‌കരണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കട്ടെയെന്നും ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഉത്തരവായി.വിവാദ ഉത്തരവുകള്‍ നയപരമായ വിഷയമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാര നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലമുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.വിശദീകരണം നല്‍കുന്നത് വരെ വിവാദ ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. അതിന് ഈ ഘട്ടത്തില്‍ കഴിയില്ലെന്നും വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലക്ഷദ്വീപ് വിഷയത്തില്‍ മറ്റൊരുപൊതുതാത്പര്യ ഹര്‍ജി കൂടി ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.