Sunday, May 19, 2024
keralaNews

വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ എസ് എച്ച് ഒയെ സ്ഥലം മാറ്റി

തിരുവനന്തപുരം: പോലീസ് എസ് എച്ച് ഒ വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ.വി സൈജുവിനെ പോലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണം പൂര്‍ത്തിയകുന്ന മുറയ്ക്ക് മറ്റ് നടപടികള്‍ സ്വീകരിക്കും.

മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വനിത ഡോക്ടര്‍ താമസിക്കുന്നത്. ഭര്‍ത്താവ് വിദേശത്താണ്. 2018 വരെ അബുദാബിയില്‍ ദന്ത ഡോക്ടറായിരുന്ന യുവതി 2019 ഓഗസ്റ്റില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. യുവതിയുടെ പരാതിയില്‍ സൈജു പരിഹാരം കണ്ടു. കടമുറികള്‍ ഒഴിപ്പിക്കുന്നതിന് സഹായിച്ചു.

പിന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. പ്രശ്നം പരിഹരിച്ചതിന് ചെലവ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് 2019ല്‍ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സര്‍ജറി കഴിഞ്ഞ സമയമായതിനാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു താനെന്നും വീട്ടിലെത്തിയ സൈജു ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. പുറത്ത് പറയരുതെന്ന് കാല് പിടിച്ച് യാചിച്ചു.

ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി തന്നെ വിവാഹം കഴിക്കാമെന്ന് സൈജു ഉറപ്പ് നല്‍കി. പിന്നീട് ഫോണിലൂടെ ബന്ധം തുടര്‍ന്നു. നിരന്തരമായുള്ള ഫോണ്‍ കോളും വീഡിയോ കോളും കാരണം ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു. തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകര്‍ന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. സൈജുവിനെ വിശ്വസിച്ച് പണം നല്‍കിയതായും യുവതി പരാതിയില്‍ പറഞ്ഞു.

ഒരു ദിവസം സൈജു വീട്ടില്‍ വന്നപ്പോള്‍ വാക്കുതര്‍ക്കമായെന്നും യുവതി പരാതിയില്‍ വിശദീകരിക്കുന്നു. മറ്റൊരു സ്ത്രീയുമായി ബന്ധം തുടരുമ്പോള്‍ ഇങ്ങനെ തുടരാന്‍ കഴിയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയി. പിന്നാലെ സൈജു നിരന്തരം ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും യുവതി പരാതിയില്‍ പറയുന്നു.