Wednesday, May 15, 2024
keralaNewsObituary

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു: വിവാഹ വീട്ടില്‍ ഗൃഹനാഥനെ കൊലപ്പെടുത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ വിവാഹത്തലേന്ന് ഗൃഹനാഥനെ മണ്‍വെട്ടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ വീട്ടില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകള്‍ ശ്രീലക്ഷ്മി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയല്‍വാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്. മകളുടെ വിവാഹം കാണാന്‍ കൊതിച്ച അച്ഛനാണ് മണ്ഡപത്തിന് സമീപം മണ്‍വെട്ടികൊണ്ട് അടിയേറ്റ് പിടഞ്ഞുവീണത്. കല്യാണ വീട് വിവാഹദിനത്തില്‍ മരണവീടായി. ഇന്ന് പുലര്‍ച്ചെയായിരുന്നു ദാരുണ സംഭവം. വിവാഹത്തലേന്നത്തെ ആഘോഷ പാര്‍ട്ടി തീര്‍ന്നതിന പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച രാജുവിനെ മണ്‍വെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. പരിക്കേറ്റ രാജുവിനെ സ്വകാര്. ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും സംഘം പിന്നാലെപോയി. രാജു മരിച്ചതോടെ ഇവര്‍ മുങ്ങുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിനറെ പരിസരത്തുനിന്നാണ് പ്രതികളായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവര പിടൂകൂടിയത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യര്‍ത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു.