Saturday, May 11, 2024
keralaNewsObituary

വിറക് ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ കാട്ടാനയെ പേടിച്ച് ഓടി വീണ് മരിച്ചു.

ബത്തേരി: വിറക് ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ കാട്ടാനയെ പേടിച്ച് ഓടി വീണ് മരിച്ചു.

ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവി(45)യാണ് മരിച്ചത്. കോളനിയിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് വിറക് ശേഖരിക്കാന്‍ പോയത്.

കാട്ടില്‍ വച്ച് ആന ഇവരെ ആക്രമിക്കുകയായിരുന്നു. കാട്ടാനയെ പേടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ ബസവി പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടെയില്‍ നിസാര പരിക്കേറ്റു. കാട്ടാനയുടെ ആക്രമണമേറ്റ് തന്നെയാണ് ബസവി മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ദേഹത്ത് കാട്ടാനയുടെ ചവിട്ടേറ്റ പാടുകളില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ വ്യക്തത വരുമെന്നും വനം വകുപ്പ് അറിയിച്ചു. ആറ് മാസം മുന്‍പ് സമീപമുള്ള നെയ്കുപ്പയില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മറ്റൊരു ആദിവാസി സ്ത്രീ മരിച്ചിരുന്നു.