Friday, April 19, 2024
keralaNews

ശബരിമലയില്‍ ഇന്ന് നട അടയ്ക്കും

ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നു . ഉച്ചയ്ക്ക് 12:30നും ഒരു മണിക്കും ഇടയില്‍ കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ നടന്നത്. മണ്ഡല ഉത്സവത്തിനു സമാപനം കുറിച്ച് പൂജകള്‍ക്കു ശേഷം രാത്രി 10 മണിക്ക് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30ന് വൈകിട്ട് അഞ്ചു മണിക്കാണ് വീണ്ടും നട തുറക്കുക.നേരത്തേ, രഥത്തില്‍നിന്നു പുറത്തെടുത്ത തങ്ക അങ്കി ഗണപതികോവില്‍ വരെ ആയിരങ്ങളുടെ അകമ്പടിയോടെയാണ് ആനയിച്ചത്. പമ്പാ മണപ്പുറത്തെ എല്ലാ കടകളും സ്ഥാപനങ്ങളും നിലവിളക്കും കര്‍പ്പൂരാഴിയും തെളിയിച്ചു വരവേറ്റു. ഗണപതികോവിലില്‍ പ്രത്യേകം തയാര്‍ ചെയ്ത മണ്ഡപത്തില്‍ തങ്ക അങ്കി ദര്‍ശനത്തിനു വച്ചു. ഈ സമയം കാണിക്കയിട്ട് തൊഴുന്നതിനു സ്വാമി ഭക്തര്‍ തിക്കുംതിരക്കും കൂട്ടി. പൊലീസ് ഏറെ കഷ്ടപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. 3.15 വരെ അയ്യപ്പന്മാര്‍ക്കു ദര്‍ശനത്തിന് അവസരം ലഭിച്ചു. അതിനു ശേഷം തങ്ക അങ്കി പുതിയ പേടകത്തിലേക്കു മാറ്റി.