Thursday, May 16, 2024
keralaNews

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ സാമ്പിള്‍ പരിശോധനാ ഫലം പുറത്ത്.

ആലപ്പുഴ: കായംകുളം സ്‌കൂളില്‍ നിന്നും കൊട്ടാരക്കര അംഗനവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ സാമ്പിള്‍ പരിശോധനാ ഫലം പുറത്ത്. രണ്ടിടത്തെയും ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. കായംകുളം സ്‌കൂളിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചു. അരിയില്‍ പ്രാണികളുടെ അവശിഷ്ടങ്ങളും മുളകില്‍ പൂപ്പലും കണ്ടെത്തി. കൊട്ടാരക്കര അങ്കണവാടിയിലെ കുട്ടികള്‍ക്ക് വിതരണം ചെയ്ത അരി, പയര്‍, റവ എന്നിവയിലും പ്രാണികളെ കണ്ടെത്തി. സമാനമായ രീതിയില്‍ ഭക്ഷ്യ വിഷബാധയേറ്റ വിഴിഞ്ഞം, കാസര്‍കോട് സ്‌കൂളുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.

സ്‌കൂള്‍ തുറന്നതിന് പിന്നാലെയാണ് കായംകുളം ടൗണ്‍ ഗവ സ്‌കൂളിലെ 15 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായത്. സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചിരുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ കുട്ടികള്‍ക്ക് വീണ്ടും വയറുവേദനയും ക്ഷീണവും അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.