Thursday, May 2, 2024
keralaNews

വാക്‌സീന്‍ വിതരണത്തില്‍ പിന്‍വാതില്‍ ക്രമക്കേടെന്നു പരാതി.

തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്ന വാക്‌സീന്‍ വിതരണത്തില്‍ പിന്‍വാതില്‍ ക്രമക്കേടെന്നു പരാതി. സ്‌പോട്ട് റജിസ്‌ട്രേഷന്റെ മറവില്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കു താല്‍പര്യമുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്നുവെന്നാണു പ്രധാന ആക്ഷേപം. പ്രായമായവരും സാങ്കേതികജ്ഞാനം ഇല്ലാത്തവരും വാക്‌സീന്‍ ബുക്കിങ്ങില്‍ പിന്തള്ളപ്പെട്ടു പോകാതിരിക്കാനാണു തദ്ദേശ സ്ഥാപനങ്ങളില്‍ സ്‌പോട്ട് റജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കിയത്. എന്നാല്‍ ചില തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡ് പ്രതിനിധികളും അവര്‍ക്കു താല്‍പര്യമുള്ളവര്‍ക്കു മാത്രം വാക്‌സീന്‍ നല്‍കുന്നതിനാല്‍ പലയിടത്തും പദ്ധതി അട്ടിമറിക്കപ്പെടുകയാണ്.വാക്‌സീന്‍ ലഭ്യത മുന്‍കൂട്ടി അറിഞ്ഞു വേണ്ടപ്പെട്ടവര്‍ക്കു വിവരം നല്‍കുകയാണു പലയിടത്തും. പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിക്കോ വാര്‍ഡ് അംഗത്തിനോ താല്‍പര്യമുള്ളവരെയാണു സ്‌പോട്ട് റജിസ്‌ട്രേഷനായി എത്തിക്കുന്നത്. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും കാത്തു നിന്നാലും വാക്‌സീന്‍ കിട്ടില്ല. രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ള സമയപരിധി കഴിഞ്ഞ പത്തു ലക്ഷത്തോളം പേര്‍ സംസ്ഥാനത്തു കാത്തു നില്‍ക്കുമ്പോഴാണ് ഇവരെയൊക്കെ മറികടന്നുള്ള പിന്‍വാതില്‍ വിതരണം.ചില സ്ഥലങ്ങളില്‍ കൂട്ടത്തോടെ വാക്‌സീന്‍ ബുക്ക് ചെയ്യാന്‍ ഹെല്‍പ് ഡെസ്‌ക്കുകളും ആരംഭിച്ചിട്ടുണ്ട്. വാക്‌സീന്‍ സ്ലോട്ടുകളെക്കുറിച്ചുള്ള വിവരം നേരത്തേ ചോര്‍ത്തി നല്‍കി ഇവര്‍ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നതോടെ ഓണ്‍ലൈനിലും വാക്‌സീന്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. അറിയിപ്പു വന്നു മിനിറ്റുകള്‍ക്കുള്ളില്‍ അപേക്ഷിച്ചാലും ബുക്കിങ് പൂര്‍ണമായതായാണു വെബ്‌സൈറ്റില്‍ കാണുന്നത്.