Friday, May 17, 2024
News

‘വസുധൈവ കുടുംബത്തിന് യോഗ’

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. ‘വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് 2023-ലെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയില്‍ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. എട്ട് വിഭാഗങ്ങളാണ് യോഗയ്ക്കുള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അവ. ഇതില്‍ ആദ്യത്തെ നാലെണ്ണം ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിനാണ്. ഹഠയോഗം എന്നാണ് ഇതറിയപ്പെടുന്നത്. രണ്ടാമത്തെ നാലെണ്ണം രാജയോഗമെന്ന് വിശേഷിപ്പിക്കുന്നു. ഇത് ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിന് സഹായിക്കുന്നു.

ഭാരതം ലോകത്തിന് നല്‍കിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ. യോഗ : ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന സന്ദേശം. മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയില്‍ ഉദ്ഭവിച്ച യോഗ സമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപരിച്ചിരിക്കുന്നു. 2015 ല്‍ ഐക്യരാഷ്ട്ര സഭയുടെ അറുപത്തൊന്‍മ്പതാം പൊതു സഭ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. യോഗയുടെ പ്രാധാന്യം മനസ്സിലാക്കിയ 193 രാജ്യങ്ങളും പ്രമേയം വോട്ടിനിടാതെ തന്നെ ഏകകണ്ഠമായി പിറ്റേ വര്‍ഷം മുതല്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുവാന്‍ തീരുമാനിച്ചു.യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും പിരിമുറുക്കം നിറഞ്ഞ ജീവിത ശൈലികളില്‍ നിന്ന് മാറി നടക്കാനുമുള്ള ഒരു പദ്ധതി കൂടിയായി പ്രചരിപ്പിക്കുവാനുമാണ് യോഗാ ദിനം ആചരിക്കുന്നത്. ഉത്തരാര്‍ദ്ധഗോളത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ദിവസമായ ഉത്തരായനാന്തമാണ് യോഗ ദിനമായി ആചരിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. വെറും ശാരീരിക വ്യായാമങ്ങളെക്കാളുപരി, ആത്മീയ വികാസത്തിനു കൂടി ഉതകുന്ന പദ്ധതിയായാണ് യോഗ വിഭാവനം ചെയ്യപ്പെട്ടത്. ഇന്ത്യ അധ്യക്ഷ പദവി വഹിക്കുന്ന ജി -20 കൂട്ടായ്മയുടെ പ്രമേയമായ ‘വസുധൈവ കുടുംബകം’ അഥവാ ‘ലോകം ഒരു കുടുംബമാണ്’ എന്ന ആശയത്തോട് ചേര്‍ന്നാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ പ്രമേയവും ആവിഷ്‌കരിക്കപ്പെട്ടത്.