Saturday, April 27, 2024
indiaNewsworld

വസുധൈവ കുടുംബകം; അബുദാബിയിലെ ഹിന്ദു ക്ഷേത്രം സമര്‍പ്പിച്ചു

അബുദാബി: അറബ് രാജ്യത്തെ ആദ്യ ഹിന്ദുക്ഷേത്രമായ ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി പുരോഹിതന്മാരുടെയും വിശിഷ്ഠ വ്യക്തികളുടെയും സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പുണ്യ കര്‍മ്മത്തിന് ശേഷം സംഘടിപ്പിച്ച പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് ക്ഷണം സ്വീകരിച്ച് ഉദ്ഘാടന വേളയില്‍ പങ്കെടുക്കാനെത്തിയത്. മുതിര്‍ന്ന് പു?രോഹിതന്മാരില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലേക്ക് പ്രധാനമന്ത്രി കടന്നത്.സ്വാമിനാരായണ്‍ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായിരുന്ന സ്വാമി മഹാരാജിന്റെ സ്വപ്നമാണ് ഇന്ന് പ്രധാനമന്ത്രി സാക്ഷാത്കരിച്ചത്.          2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് അബുദാബിയില്‍ ഒരു ഹിന്ദു ക്ഷേത്രം എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. തുടര്‍ന്നാണ് ദുബായ്-അബുദാബി ഹൈവേയില്‍ ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്.52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങള്‍ പണിത ‘ബോച്ചാസന്‍ വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്ഥ ‘എന്ന പ്രസ്ഥാനമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്ന രണ്ട് ജലധാരകള്‍, സരസ്വതി നദിയെ പ്രതിനിധാനം ചെയ്യുന്ന പ്രകാശ കിരണവും ക്ഷേത്ര സമുച്ചയത്തിലുണ്ട്.ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇവിടെ സ്വാമിനാരായണ്‍, അക്ഷര്‍ പുരുഷോത്തം മഹാരാജ്, പരമശിവന്‍, ശ്രീകൃഷ്ണന്‍, ശ്രീ രാമന്‍, അയ്യപ്പന്‍, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴ് മൂര്‍ത്തികളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്ഷര പുരുഷോത്തം ക്ഷേത്രത്തിലെ ശിലയില്‍ വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി തുടര്‍ന്ന് നടന്ന എല്ലാ ചടങ്ങുകളിലും പങ്കെടുത്തു. പ്രധാന പുരോഗിതന്മാരോടൊപ്പം പ്രധാനമന്ത്രി ആരതി നടത്തി.ബാപ്‌സ് മന്ദിറിലെ മഹാരാജ് സ്വാമി നാരായണന്റെ വിഗ്രഹത്തില്‍ പ്രധാനമന്ത്രി ഹാരമണിയിക്കുകയും പുഷ്പദളങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. വിശ്വാസി സമൂഹത്തിനായി ക്ഷേത്രം സമര്‍പ്പിച്ചതിന് യുഎഇ ഭരണാധികാരികളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രവാസികളുമായി പ്രധാനമന്ത്രി സംവദിച്ചു. ക്ഷേത്രനിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ച കരകൗശല വിദഗ്ധരുമായും നിര്‍മ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കലാരൂപങ്ങളുടെ മിനിയേച്ചര്‍ പതിപ്പുകള്‍ തയ്യാറാക്കിയ കുട്ടികളുമായും പ്രധാനമന്ത്രി ഏറെ നേരം സംവദിച്ചു.