Monday, May 13, 2024
indiaNewspolitics

വനിത സംവരണ ബില്ലിനെ 454 പേര്‍ പിന്തുണച്ചു

ദില്ലി: 454 പേരുടെ പിന്തുണയോടെ ലോക്‌സഭയില്‍ വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി. ആറ് ക്ലോസുകളില്‍ വോട്ടെടുപ്പ് നടന്നു. എഐഎംഐഎം പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. അസദുദ്ദീന്‍ ഉവൈസി ബില്ലില്‍ മുസ്ലിം സംവരണം ആവശ്യപ്പെട്ട് ഭേദഗതി നിര്‍ദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. സ്ലിപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടന്നത്. ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി. നാളെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. രാജ്യസഭയിലും ബില്ല് പാസാകും. നിയമസഭകളുടെ പിന്തുണ തേടേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍.ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അരികിലെത്തിയ ബിജെപി അംഗങ്ങള്‍ അദ്ദേഹത്തെ നന്ദി അറിയിച്ചു. ചരിത്രപരമായ നേട്ടമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം രചിക്കുക മാത്രമല്ല രാജ്യത്ത് തുല്യവും ലിംഗഭേദം ഉള്‍ക്കൊള്ളുന്നതുമായ വികസനം വളര്‍ത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ നയിക്കുന്ന ഭരണത്തോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധത ബില്ല് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിത സംവരണ ബില്ലില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉപസംവരണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്റില്‍ ഇത് വോട്ടിനിട്ട് തള്ളി. ജാതിസെന്‍സെസ് ആവശ്യം ഉയര്‍ത്തിയ സോണിയ ഗാന്ധി ബില്‍ വൈകുന്നത് സ്ത്രീകളോടുള്ള അനീതിയാണെന്ന് പറഞ്ഞു. ബില്ലില്‍ അവകാശവാദം ഉന്നയിച്ച ബിജെപി, പ്രതിപക്ഷത്തിന്റെ പിന്നാക്ക സ്‌നേഹം നാട്യമാണെന്ന് പരിഹസിച്ചു. വനിത സംവരണ ബില്ലില്‍ നിന്ന് ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് സോണിയ ഗാന്ധിയാണ് ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. പിന്നീട് സംസാരിച്ച സമാജ് വാദി പാര്‍ട്ടിയടക്കമുള്ള കക്ഷികളും സംവരണത്തിനുള്ളില്‍ ഉപസംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചു. സെന്‍സെസും, മണ്ഡല പുനര്‍ നിര്‍ണ്ണയവും പൂര്‍ത്തിയാകും വരെ സംവരണത്തിനായി കാത്തിരിക്കാനാവില്ലെന്നും ബില്‍ മോദി ഷോ മാത്രമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തുറന്നടിച്ചു. ഏഴ് മണിക്കൂര്‍ നേരം ലോക് സഭയില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി കടുത്ത പ്രതിരോധമാണ് ഉയര്‍ത്തിയത്. സെന്‍സെസും മണ്ഡല പുനര്‍നിര്‍ണയവും നടത്താതെ ബില്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ബില്ല് ബിജെപിയുടേതെന്ന് സോണിയാ ഗാന്ധിയെ തിരുത്തി മന്ത്രി സ്മൃതി ഇറാനി തിരിച്ചടിച്ചു.