Thursday, May 16, 2024
keralaNews

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജിവെച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവാദത്തില്‍ ജോസഫൈന്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃ തലത്തില്‍ പിന്തുണ ലഭിച്ചിരുന്നില്ല. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.ഒമ്പത് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സിപിഎം നേതൃ തലത്തില്‍ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് രാജിയിലേക്ക് പോകുന്നത്.ഒരു വാര്‍ത്താ ചാനലില്‍ തത്സമയ പരിപാടിയിലാണ് പരാതി പറയാന്‍ വിളിച്ച യുവതിയോട് ജോസഫൈന്‍ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതു സമൂഹത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ഇവര്‍ക്ക് പിന്തുണ കിട്ടിയില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജ ടീച്ചറക്കം പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.