Tuesday, May 14, 2024
keralaNews

വടകര താലൂക്ക് ഓഫിസ് തീപിടിത്തം ; അട്ടിമറി സാധ്യത അന്വേഷിക്കും :മന്ത്രി.

വടകര താലൂക്ക് ഓഫിസിലെ തീപിടിത്തം അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി. സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്ന് കെ.രാജന്‍ പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടന്നോയെന്ന് പരിശോധിക്കും. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.താലൂക്ക് ഓഫിസിലെ ഉപകരണങ്ങളും ഫയലുകളും കത്തിപ്പോയി. തൊട്ടുത്തുള്ള പഴയ ട്രഷറി കെട്ടിടവും ഭാഗികമായി നശിച്ചു. അപകടത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കെ.കെ.രമ എം.എല്‍.എ ആവശ്യപ്പെട്ടു. സമീപത്തെ ലാന്‍ഡ് അക്വിസിഷന്‍ തഹസീല്‍ദാര്‍ ഓഫിസിന്റെ ശുചിമുറിയിലും തീ കണ്ടിരുന്നു അന്ന് ആരും പരാതി കൊടുത്തില്ലെന്നും എം.എല്‍.എ പറഞ്ഞു.വടകര താലൂക്ക് ഓഫിസ് തീപിടിത്തത്തില്‍ അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്.പി എ.ശ്രീനിവാസ്. അന്വേഷണത്തിന് വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അതിനിടെ തീപിടിത്തമുണ്ടായ വടകര താലൂക്ക് ഓഫിസില്‍ എത്തിയ നാദപുരം എം.എല്‍.എ. ഇ.കെ.വിജയന് ദേഹാസ്വാസ്ഥ്യമുണ്ടായി. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, തീപിടിത്തം പൊലീസും ഇലക്ട്രിക് വിഭാഗവും അന്വേഷിക്കുമെന്ന് കലക്ടര്‍ എന്‍. തേജ് ലോഹിത റെഡ്ഡി വ്യക്തമാക്കി. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും. ഫയലുകള്‍ പരമാവധി വീണ്ടെടുക്കുമെന്നും അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.