Thursday, May 2, 2024
keralaNews

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്.

കണ്ണൂര്‍ കുത്തൂപറമ്പിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വാട്‌സാപ് സ്റ്റാറ്റസാണ് പുറത്തുവന്നത്. ‘ഈ ദിവസം ലീഗുകാര്‍ വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ്’ എന്നായിരുന്നു സ്റ്റാറ്റസ്. കൂത്തുപറമ്പില്‍ ഇന്നലെ നടന്ന ലീഗ് സിപിഎം സംഘര്‍ഷത്തിനു പിന്നാലെയാണ് സ്റ്റാറ്റസ് ഇട്ടത്.പൊലീസിനെ അറിയിച്ചിട്ടും സംഭവത്തില്‍ നടപടി ഒന്നും ഉണ്ടായില്ലെന്നും ലീഗ് അറിയിച്ചു. ലീഗ് പ്രവര്‍ത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂത്തുപറമ്പിലെ 149ാം ബൂത്തില്‍ വച്ചാണ് ഭീഷണിപ്പെടുത്തിയത്.

ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. വോട്ട് ചെയ്യാന്‍ ലീഗുകാര്‍ ആളുകളെ കാറില്‍ എത്തിച്ചത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഉച്ചയോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെങ്കിലും രാത്രിയോടെ വീണ്ടും രൂക്ഷമാകുകയായിരുന്നു. രാത്രി എട്ടുമണിയോടെ മന്‍സൂറിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. വീടിനു മുന്നില്‍ ബോംബെറിഞ്ഞ ശേഷമാണ് മന്‍സൂറിനെ വെട്ടിയത്. മന്‍സൂറിനെയും പരുക്കേറ്റ സഹോദരനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂര്‍ പുലര്‍ച്ചയോടെ മരിച്ചു.