Friday, April 19, 2024
keralaNews

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍.

കണ്ണൂരിലുണ്ടായ അക്രമത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍(21) ആണ് ഇന്നലെ അര്‍ധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.സംഭവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരുസംഘം, ഇരുവരെയും വെട്ടുകയായിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി തോരണം കെട്ടുന്നതിനേച്ചൊല്ലി തിങ്കളാഴ്ച രാത്രിയുണ്ടായ തര്‍ക്കമാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂത്തുപറമ്പിലേക്ക് കൊണ്ടുപോകും.
മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്തു.