Thursday, May 16, 2024
keralaNewspolitics

ലഹരി കടത്ത് കേസില്‍ കുരുങ്ങിയതിലുള്ള പ്രതികാരം സുരേന്ദ്രന്റെ മകനോട് തീര്‍ക്കുന്നു : ബി ജെ പി

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ലഹരി കടത്ത് കേസില്‍ കുരുങ്ങിയതിലുള്ള പ്രതികാരം കെ സുരേന്ദ്രന്‍െ മകനോട് തീര്‍ക്കുകയാണെന്ന് ബിജെപി. പ്രതികാരം തീര്‍ക്കാനാണ് കെ.സുരേന്ദ്രന്റെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം മകന്റെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെയെന്നും ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മത്സ്യവ്യാപാരം വഴിയുളള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കില്‍ ആറുമാസമായി അദ്ദേഹത്തിന് ജയില്‍ തുടരേണ്ടി വരില്ലായിരുന്നുവെന്നും ബിജെപി വ്യക്തമാക്കി.
തൃശൂര്‍ കൊടകരയിലുണ്ടായ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന അദ്ധ്യക്ഷന്റെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സി.പി.എം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത അജണ്ടയായ മോദി വിരുദ്ധ രാഷ്ട്രീയം കൂടിയാണ് പാര്‍ട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.                                                                                                                               സി.പി.എം സംസ്ഥാന പോലീസിനെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറും ചോദ്യം ചെയ്യപ്പെട്ടതും ആ കേസ് ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ടെന്ന തിരിച്ചറിവുമാണ് സി.പി.എമ്മിനെ ഇതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതല്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിച്ചത് എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.                                                        ദിവസവും ബിജെപിക്കെതിരെ ഓരോ കള്ളക്കഥകള്‍ മെനയുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടയിടാനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥ അനുസരിച്ച് നടക്കുന്ന അന്വേഷണ നാടകമാണിത്. സ്വര്‍ണ്ണക്കടത്ത് – ഡോളര്‍ക്കടത്ത് കേസുകളുടെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന സര്‍ക്കാര്‍, മറ്റുള്ളവരുടെ പുറത്ത് കൂടി ചെളി വാരി എറിയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.