Monday, May 13, 2024
keralaNews

ലക്ഷ്യ ബുട്ടീക്കില്‍ തീപടര്‍ന്നത് ഓഫ് ചെയ്യാത്ത അയണ്‍ ബോക്സില്‍ നിന്നെന്ന് നിഗമനം

കൊച്ചി: കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കില്‍ തീപടര്‍ന്നത് ഓഫ് ചെയ്യാത്ത അയണ്‍ ബോക്സില്‍ നിന്നെന്ന് നിഗമനം. ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നി ബാധയില്‍ കടയിലെ തയ്യല്‍ മെഷീനുകളും തുണികളും കത്തി നശിച്ചു.ബുട്ടീക്കില്‍ ഓണ്‍ലൈന്‍ വ്യാപാരമായിരുന്നു കാര്യമായി നടന്നിരുന്നത്. തുണികള്‍ തയ്ച്ച് നല്‍കുന്ന യൂണിറ്റാണ് ഇവിടെ കൂടുതലും പ്രവര്‍ത്തിക്കുന്നത്.തയ്യല്‍ കഴിഞ്ഞതിന് ശേഷം വസ്ത്രങ്ങള്‍ ഓണ്‍ലൈനായി അയക്കുന്നതിന് മുന്‍പ് തുണികള്‍ അയണ്‍ ചെയ്തിരുന്നു. ഇതിനായി ഉപയോഗിച്ചിരുന്ന മെഷീന്‍ ഓഫ് ചെയ്യാന്‍ മറന്നതാകാം തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ഗ്രാന്റ് മാളിന്റെ മൂന്നാം നിലയിലാണ് ഈ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. സെക്യൂരിറ്റി ജീവനക്കാരാണ് കടയില്‍ തീപിടുത്തം ഉണ്ടായത് ആദ്യം ശ്രദ്ധിക്കുന്നത്. പുറത്തേക്ക് പുക വമിച്ചതോടെ ജീവനക്കാര്‍ വിവരം ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തി. പുലര്‍ച്ചെ അഞ്ച് ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്.