Thursday, May 2, 2024
keralaNews

രാജ്യദ്രോഹകുറ്റം: ശശി തരൂര്‍ അടക്കം ഏഴ് പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി.

റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഏഴു പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസില്‍ രണ്ട് ആഴ്ചയ്ക്കു ശേഷം വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.പ്രതികള്‍ക്കു സാവകാശം നല്‍കരുതെന്നും കേസില്‍ നാളെ വാദം കേള്‍ക്കണമെന്ന് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ കോടതി കേസ് പരിഗണിക്കുന്നതു വരെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപി, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, വിനോദ് കെ. ജോസ് എന്നിവര്‍ അടക്കം 7 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കേസെടുത്തത്. മധ്യഡല്‍ഹിയില്‍ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ്‌ െചയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.