Sunday, May 19, 2024
keralaNewspolitics

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരെന്ന് സിപിഎം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരെന്ന് സിപിഎം. സമഗ്ര മാറ്റത്തിന് നിര്‍ദേശം നല്‍കി. ജനകീയ പിന്തുണ നേടാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്നും കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കണം. മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കരുത്. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യണം. ഓണ്‍ലൈന്‍ പരിപാടികള്‍ കാരണം ജനകീയ ഇടപെടല്‍ കുറയരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ആഭ്യന്തര വകുപ്പിനടക്കം വിമര്‍ശനം ഉണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ ഗവര്‍ണറെ കടന്നാക്രമിച്ച് സിപിഎം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബോധപൂര്‍വം ഗവര്‍ണര്‍ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യ പ്രക്രിയയെ ദുര്‍ബലമാക്കുമെന്ന് കോടിയേരി ആരോപിച്ചു. ഗവര്‍ണറെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുകയാണ് ബിജെപി. ഗവര്‍ണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിലെ രീതി. കേരളത്തിലും അതിനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

ഗവര്‍ണറുടെ ഇടപെടലിന്റെ കാഠിന്യം കൂടിയിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. പ്രധാന ഓര്‍ഡിനന്‍സുകള്‍ പോലും തടസപ്പെടുത്തുന്നു. പോകുമ്പോള്‍ പതിനൊന്നും പോകട്ടെ എന്ന നിലപാടാണ് ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചത്. ഓര്‍ഡിനന്‍സ് പ്രശ്‌നത്തില്‍ സഭ സമ്മേളിക്കേണ്ട സ്ഥിതി വന്നു. ഇത്തരത്തിലാണെങ്കില്‍ ഭരണഘടനാനുസൃതമായി സര്‍ക്കാരിനും ഇടപെടേണ്ടി വരുമെന്ന് കോടിയേരി വ്യക്തമാക്കി. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ എന്ത് കൊണ്ട് ഒപ്പിടില്ലെന്ന കാരണം ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.