Sunday, June 16, 2024
indiaNewspolitics

യുവരാജാവ് സത്യം തുറന്നു പറഞ്ഞിരിക്കുന്നു; പ്രധാനമന്ത്രി

ഡല്‍ഹി: തന്റെ മുത്തശ്ശിയും അച്ഛനുമടക്കമുള്ളവര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്തെ സര്‍ക്കാരുകള്‍ താഴ്ന്ന ജാതിക്കാര്‍ക്ക് എതിരായിരുന്നുവെന്ന് രാഹുല്‍ തുറന്ന് സമ്മതിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെയും രാഹുലിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളം പറയുന്ന യുവരാജാവിന്റെ വായില്‍ നിന്നും ചിലപ്പോഴൊക്കെ സത്യവും പുറത്ത് വരാറുണ്ടെന്ന് നരേന്ദ്രമോദി പരിഹസിച്ചു.

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.’ഇന്ന് കോണ്‍ഗ്രസിന്റെ യുവരാജാവ് വലിയൊരു സത്യം തുറന്നു പറഞ്ഞിരിക്കുന്നു. തന്റെ മുത്തശ്ശിയുടെയും അച്ഛന്റെയും അമ്മയുടെയും കാലത്ത് രൂപപ്പെട്ട സംവിധാനം ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും വനവാസികള്‍ക്കും എതിരായിരുന്നുവെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ സംവിധാനം എസ്ടി, എസ്സി, ഒബിസി വിഭാഗങ്ങളുടെ തലമുറകളെ നശിപ്പിച്ചു. ഇന്ന് യുവരാജാവ് തന്നെ ഇത് സമ്മതിച്ചു”- പ്രധാനമന്ത്രി പറഞ്ഞു.  കുട്ടികാലം മുതല്‍ക്കെ പ്രധാനമന്ത്രിമാരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും കണ്ടു വളര്‍ന്ന വ്യക്തിയാണ് താനെന്നും ആരെയാണ് ഈ സിസ്റ്റം സഹായിക്കുന്നതെന്ന് വ്യക്തമായി അറിയാമെന്നുമായിരുന്ന രാഹുലിന്റെ പ്രസ്താവന.

തന്റെ മുത്തശ്ശി പ്രധാനമന്ത്രിയായിരുന്നു, പിതാവ് പ്രധാനമന്ത്രിയായിരുന്നു. അവര്‍ക്കൊപ്പവും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും താന്‍ അടുത്തേക്ക് പോകുമായിരുന്നു. അവിടെ നടക്കുന്നത് എന്താണെന്നും എങ്ങനെയാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നതെന്നും മനസിലായി. ഈ വ്യവസ്ഥിതി താഴ്ന്ന ജാതിക്കാര്‍ക്കെതിരെ എല്ലാ തലത്തിലും പ്രവര്‍ത്തിച്ചിരുന്നു എന്നുമാണ് രാഹുല്‍ തുറന്ന് സമ്മതിച്ചത്.