Wednesday, May 15, 2024
keralaNews

യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: മേപ്പാടിലെ എല്ലാ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ് മെമോ

വയനാട് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിച്ച് പഞ്ചായത്ത്. എല്ലാ റിസോര്‍ട്ടുകളും താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്റ്റോപ് മെമോ നല്‍കി. ഈ ഉത്തരവ് പഞ്ചായത്തിലെ ഹോം സ്റ്റേകള്‍ക്കും ബാധകമായിരിക്കും. ടെന്റില്‍ താമസിച്ച യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നടപടി.

മേപ്പാടിയിലെ എല്ലാ റിസോര്‍ട്ടുകളുടേയും ലൈസന്‍സുകളും പരിശോധിക്കും. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമെ ഇനി പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരിക്കൂ. അല്ലാത്തവയെല്ലാം പൂട്ടാന്‍ നിര്‍ദ്ദേശിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഇവയൊക്കെ പരിശോധിക്കാന്‍ മേപ്പാടി പഞ്ചായത്ത് അധികൃതര്‍ യോഗം ചേരുകയാണ്.
കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. അന്വേഷണത്തില്‍ റിസോര്‍ട്ടിനെതിരെ വന്‍ സുരക്ഷാ വീഴ്ചയാണ് കണ്ടെത്തിയത്. ലൈസന്‍സ് ഇല്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടിയിരുന്നു.