Thursday, May 16, 2024
indiaNewsworld

യുക്രെന് മരുന്നുകളും മറ്റ് സഹായങ്ങളും എത്തിക്കുമെന്ന് . ഇന്ത്യ

ന്യൂഡല്‍ഹി: യുദ്ധഭൂമിയിലെ യുക്രെയ്നിലേയ്ക്ക് ഇന്ത്യ മരുന്നുകളും മറ്റ് സഹായങ്ങളും എത്തിക്കുമെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബഗ്ച്ചി അറിയിച്ചു. അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യൂറോപ്പിലുള്ള ഇന്ത്യന്‍ എംബസിയുടെ സംഘത്തെ യുക്രെയ്നിലേയ്ക്ക് അയച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അരിന്ദം ബഗ്ച്ചി പറഞ്ഞു.
അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കുന്നവര്‍ക്ക് ഭക്ഷണവും, വെള്ളവും ഉറപ്പാക്കും. അതിര്‍ത്തിയിലേയ്ക്ക് ആരും തന്നെ നേരിട്ട് എത്തരുതെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അരിന്ദം ബഗ്ച്ചി അറിയിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുദ്ധഭൂമിയില്‍ നിന്നും ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആറ് വിമാനങ്ങളാണ് ഇതുവരെ തിരികെ എത്തിയത്. ഇതില്‍ നാലെണ്ണം ഹംഗറിയിലെ ബുക്കാറസ്റ്റില്‍ നിന്നും രണ്ടെണ്ണം ബുഡാപെസ്റ്റില്‍ നിന്നുമായിരുന്നു. ഏകദേശം 1,400 ഇന്ത്യക്കാരെയാണ് ഇതുവരെ തിരികെ എത്തിച്ചത്. കൂടതല്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നും അരിന്ദം ബഗ്ച്ചി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ രക്ഷാദൗത്യം ശക്തമാണെന്നും കൃത്യമായ സമയത്ത് മുന്നറിയിപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഏകദേശം 8,000 ഇന്ത്യക്കാര്‍ യുദ്ധഭൂമി വിട്ടെന്നും അരിന്ദ് ബഗ്ച്ചി വ്യക്തമാക്കി. ആരും ഭയപ്പെടണ്ടെന്നും, എന്തിനും ഏതിനും ഇന്ത്യ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.