Saturday, May 18, 2024
keralaNews

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവര്‍ത്തനം: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ;സ്വപ്ന

കൊച്ചി :തലസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും സ്വപ്ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് സ്വപ്ന സുരേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും സ്വപ്ന പറയുന്നു. പൊലീസില്‍നിന്ന് ജീവനു ഭീഷണിയുണ്ട്. തന്റെ രഹസ്യമൊഴിയില്‍ തുടര്‍നടപടിയെടുക്കാതെ കസ്റ്റംസ് പൂഴ്ത്തിയെന്നും സ്വപ്ന ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി.ജലീല്‍, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, നളിനി നെറ്റോ, എം. ശിവശങ്കര്‍ എന്നിവര്‍ കോണ്‍സുലേറ്റിലെ വിവിധ സാമൂഹിക വിരുദ്ധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നും സ്വപ്ന ആരോപിച്ചു. കോണ്‍സുലേറ്റ് ജനറലുമായി ചേര്‍ന്ന് തന്നെയും സരിത്തിനെയും അവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നെന്നും സ്വപ്ന പറയുന്നു.

പത്തനംതിട്ട ജില്ലയിലുള്ള സംഘടനയുടെ ഡയറക്ടര്‍ ഷാജി കിരണ്‍ എന്നയാള്‍ മുഖ്യമന്ത്രിയ്ക്കു വേണ്ടി തന്നെ കാണാനായി വന്നുവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒത്തു തീര്‍പ്പിനു വഴങ്ങണം എന്ന് ആവശ്യപ്പെട്ടതായും സ്വപ്ന പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ഷാജി കിരണ്‍ കാണാന്‍ വന്നത്. താന്‍ കഴിഞ്ഞ ദിവസം കൊടുത്ത രഹസ്യ മൊഴിയില്‍ നന്നു പിന്‍മാറണമെന്നും അഭിഭാഷകന്റെ സമ്മര്‍ദത്തിലാണു നല്‍കിയതെന്നു പറയണം എന്നും ആവശ്യപ്പെട്ടു.ഒത്തു തീര്‍പ്പിനു തയാറാകാത്ത പക്ഷം കുടുതല്‍ വകുപ്പുകള്‍ ചുമത്തി ദീര്‍ഘ കാലം ജയിലിലടയ്ക്കുമെന്നും സരിത്തിനെയും കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഷാജി കിരണിന് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായും അടുത്ത ബന്ധമുണ്ട്. ഇവരുടെ വിദേശ നിക്ഷേപം കൈകാര്യം ചെയ്യുന്നത് ഇയാളാണ്. നേരത്തെ ശിവശങ്കറാണ് ഷാജി കിരണിനെ തനിക്കു പരിചയപ്പെടുത്തി നല്‍കിയതെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു.
സ്വര്‍ണക്കടത്തു കേസും മറ്റു രണ്ടു കേസുമായി ബന്ധപ്പെട്ട് താനും സരിത്തും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ ഈ വിഷയങ്ങള്‍ പുറത്തുവരാതിരിക്കാന്‍ തങ്ങള്‍ക്കു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തി. പൊലീസില്‍നിന്ന് ജീവന് ഭീഷണിയുണ്ടായി. സമ്മര്‍ദം രൂക്ഷമായ സാഹചര്യത്തില്‍ ഈ വ്യക്തികളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് കസ്റ്റംസ് വഴി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി. എന്നാല്‍ കസ്റ്റംസ് യാതൊരു അന്വേഷണവും നടത്താതെ ഇത് ഒതുക്കിത്തീര്‍ക്കുകയാണ് ചെയ്തത്. എന്‍ഐഎ പിടിച്ചെടുത്ത മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും ഇതു സംബന്ധിച്ച വിവരങ്ങളും തെളിവുകളുമുണ്ടെന്നും മജിസ്‌ട്രേറ്റിനെ അറിയിച്ചതായും സ്വപ്ന പറയുന്നു.