Tuesday, June 18, 2024
indiaNewspolitics

മോദിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കി. ബിജെപി അംഗങ്ങളുടെയും, എന്‍ഡിഎയിലെ മറ്റ് സഖ്യകക്ഷി എംപിമാരുടെയും പിന്തുണ നരേന്ദ്ര മോദിക്കുണ്ട്. മോദിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചു. ഇന്ന് രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, പുതിയ കാലഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് പറഞ്ഞു. പുതിയ ഊര്‍ജം നല്‍കുന്നതാണിത്. അമൃത് കാലത്തെ ആദ്യ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. എന്‍ഡിഎ സര്‍ക്കാറിന് മൂന്നാം തവണയും ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ജനത്തിന് നന്ദി. കഴിഞ്ഞ രണ്ട് തവണയും രാജ്യത്തെ മൂന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. ഇനിയുള്ള അഞ്ച് വര്‍ഷവും അതേ ലക്ഷ്യത്തോടെ, സമര്‍പ്പണത്തോടെ രാജ്യത്തെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. ഇന്ന് എന്‍ഡിഎ യോ?ഗം നടന്നു, എല്ലാ നേതാക്കളും എന്നെ നേതാവായി തെരഞ്ഞെടുത്തു. രാഷ്ട്രപതിക്ക് കത്ത് നല്‍കി. രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കി. ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ നടക്കും. കൂടുതല്‍ വിവരങ്ങള്‍ രാഷ്ട്രപതി ഭവന്‍ അറയിക്കും. കഴിഞ്ഞ സര്‍ക്കാരുകളുടെ തുടര്‍ച്ചയായി കൂടുതല്‍ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി. മോദിയെ എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. സ്ഥിരതയുളള സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും, ചന്ദ്രബാബു നായിഡുവും നിലപാടറിയിച്ചത്. വന്‍ തീരുമാനങ്ങള്‍ മൂന്നാം സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാമെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.