Wednesday, May 15, 2024
keralaNewspolitics

‘മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിട്ടില്ല’; നിലപാട് തിരുത്തി നേതാക്കള്‍.

മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ ആശയക്കുഴപ്പം. ഇ. ശ്രീധരനായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ആദ്യം ഇത് ശരിവെച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞ് വൈകീട്ട് തിരുത്തി.വിജയയാത്രക്കിടെ തിരുവല്ലയില്‍ വെച്ചായിരുന്നും സുരേന്ദ്രന്റെ ഈ പ്രഖ്യാപനം.മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നത് വഴി വികസനം അജണ്ടയാക്കലായിരുന്നു ലക്ഷ്യം. കേന്ദ്രസഹമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയുടെ കാര്യം ആദ്യം സ്ഥിരീകരിച്ചു.

പക്ഷെ വൈകീട്ട് കേന്ദ്രമന്ത്രി മലക്കം മറിഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ പ്രതികരണമെന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്റെ വിശദീകരണമെന്നും പറഞ്ഞ് മുരളീധരന്‍ തിരുത്തി. ഇതോടെ സര്‍വ്വത്ര ആശയക്കുഴപ്പമായി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രഖ്യാപനമെന്നായിരുന്നു സംസ്ഥാന നേതാക്കള്‍ അറിയിച്ചത്. തിരുവല്ലയിലെ പ്രഖ്യാപനത്തിന് മുമ്പ് സുരേന്ദ്രന്‍ സംസ്ഥാന നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു.പക്ഷെ പിന്നീട് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് സൂചന. എന്താണ് ഉണ്ടായതെന്ന് വിശദീകരിക്കേണ്ട ബാധ്യത ഇനി സംസ്ഥാന പ്രസിഡണ്ടിനാണ്. വിവാദങ്ങള്‍ ശ്രീധരനെയും അസ്വസ്ഥനാക്കുമെന്നുറപ്പാണ്. നേരത്തെ മുഖ്യമന്ത്രിയാകാന്‍ താല്പര്യമുണ്ടെന്ന മെട്രോമാന്റെ പ്രസ്താവന ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ആദ്യം പ്രഖ്യാപിച്ചും പിന്നീട് തിരുത്തിയും നേതാക്കളുണ്ടാക്കിയ ആശയക്കുഴപ്പം.