Thursday, May 16, 2024
indiakeralaNews

മുഖ്യമന്ത്രി വിജയ് രൂപാണി ആശുപത്രിയില്‍

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. കഴിഞ്ഞ ദിവസം വഡോദരയില്‍ ഒരു പൊതുചടങ്ങിനിടെ വേദിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും എന്നാല്‍ ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. അദ്ദേഹത്തിന്റെ പരിശോധനഫലങ്ങളിലും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഇവര്‍ വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വഡോദരയിലെ നിസാംപുരയില്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച ഒരു പൊതുറാലിക്കിടെയാണ് 64കാരനായ രൂപാണി വേദിയില്‍ കുഴഞ്ഞുവീണത്. ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിമാനമാര്‍ഗം അദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ക്ഷീണവും നിര്‍ജ്ജലീകരണവും മൂലമാണ് അദ്ദേഹം കുഴഞ്ഞുവീണത്. വിശദമായ പരിശോധനകള്‍ നടത്തി. എല്ലാം സാധാരണ നിലയിലാണ്’. രൂപാണിയെ പ്രവേശിപ്പിച്ച യുഎന്‍ മെഹ്ത ആശുപത്രിയിലെ ഡോക്ടര്‍ ആര്‍.കെ.പട്ടേല്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എങ്കിലും ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് രൂപാണിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ തിരക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. വിശദമായി പരിശോധനകള്‍ നടത്താനും ശരിയായി വിശ്രമിക്കാനും പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നു. വഡോദരയില്‍ കഴിഞ്ഞ ദിവസം മൂന്ന് രാഷ്ട്രീയ റാലിയിലാണ് രൂപാണി പങ്കെടുത്തത്. ഇതില്‍ മൂന്നാമത്തെ റാലിക്കിടെയായിരുന്നു കുഴഞ്ഞ് വീണത്.