Thursday, May 16, 2024
keralaNews

മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വായ്പാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്

മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വായ്പാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാങ്ക് സെക്രട്ടറിയുടെ ബന്ധുക്കള്‍ക്ക് വായ്പ അനുവദിച്ചതില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന ഭരണസമിതി വാദം പൊളിക്കുന്നതാണ് പുതിയ രേഖകള്‍. സര്‍ക്കാര്‍ നിശ്ചയിച്ച വിലയെക്കാള്‍ അഞ്ചിരട്ടിയലധികം തുകയാണ് സെക്രട്ടറിയുടെ ബന്ധുക്കള്‍ക്ക് വായ്പ നല്‍കിയെതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.            സഹകരണ ബാങ്ക് സെക്രട്ടറിയുടെ ഭാര്യയുടെയും മരുമകനായ ഡിവൈഎഫ്‌ഐ നേതാവിന്റെയും പേരിലുളള 40 സെന്റ് ചതുപ്പ് നിലം പണയമായി വാങ്ങി 30 ലക്ഷം രൂപ വായ്പ നല്‍കി എന്നതായിരുന്നു ബാങ്ക് ഭരണസമിതിക്കെതിരെ ഉയര്‍ന്ന പ്രധാന പരാതി. വിപണി വിലയെക്കാള്‍ അഞ്ചിരട്ടിയിലേറെ തുക വായ്പയായി നല്‍കിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്നും സഹകരണമന്ത്രിക്കും സിപിഎം നേതൃത്വത്തിനും മുന്നിലെത്തിയ പരാതിയില്‍ ആവശ്യമുയരുകയും ചെയ്തു.

92 ലക്ഷം രൂപ വിലയുളള ഭൂമിക്കാണ് 30 ലക്ഷം രൂപ വായ്പ അനുവദിച്ചതെന്നും ഒരു ക്രമക്കേടും ഉണ്ടായിട്ടില്ല എന്നുമായിരുന്നു ബാങ്ക് പ്രസിഡന്റിന്റെ വിശദീകരണം. എന്നാല്‍ ബാങ്കില്‍ പണയം വച്ചിരിക്കുന്ന ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില ഒരു സെന്റ് സ്ഥലത്തിന്റെ പരമാവധി വില കേവലം 16,000 രൂപ മാത്രമാണ്. എന്നു വച്ചാല്‍ ആകെ 6,40,000 രൂപ മാത്രം വിലയുളള വസ്തുവിനാണ് 30 ലക്ഷം രൂപ വായ്പ നല്‍കിയിരിക്കുന്നതെന്ന് വ്യക്തം. പ്രാഥമികമായി തന്നെ ആര്‍ക്കും മനസിലാക്കുന്ന ഈ കണക്കുകള്‍ മുന്നിലുളളപ്പോഴാണ് ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന ബാങ്ക് ഭരണസമിതിയുടെ വാദം പൊളിഞ്ഞു പോകുന്നതും. സെക്രട്ടറിയുടെ ബന്ധുക്കള്‍ കുടിശിക വരുത്തിയ ചിട്ടിയുടെ പലിശയിനത്തില്‍ 4 ലക്ഷത്തോളം രൂപ ഇളവ് നല്‍കിയതിന്റെ തെളിവുകളിലും സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ബാങ്ക് ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്.