Wednesday, May 22, 2024
Agriculture

മണ്ണിന്റെ സ്വഭാവങ്ങള്‍ക്കനുസരിച്ച് ഹൈഡ്രോഞ്ചിയ പുഷ്പങ്ങള്‍ നിറം മാറുന്നു

വിവിധതരം നിറഭേദങ്ങളില്‍ നമ്മുടെ പൂന്തോട്ടങ്ങളുടെ മനോഹരമാക്കുന്ന പുഷ്പങ്ങളാണ് ഹൈഡ്രോഞ്ചിയ. എഴുപത്തിയഞ്ചിലധികം പൂച്ചെടികള്‍ ഹൈഡ്രോജിയ വിഭാഗത്തില്‍പ്പെടുന്നു. ഗ്രീക്ക് പദങ്ങള്‍ ആയ ഹൈഡര്‍, ആങ്കോസ് തുടങ്ങിയവ കൂട്ടിച്ചേര്‍ത്താണ് ഹൈഡ്രോജിയ എന്ന പേര് വന്നിരിക്കുന്നത്. ഏകദേശം മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ ഈ സസ്യം വളരുന്നു.ഹൈഡ്രോഞ്ചിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവെച്ചാല്‍ മണ്ണിന്റെ പുളിരസം അല്ലെങ്കില്‍ അമ്ലത്വം ആശ്രയിച്ചാണ് ഇതില്‍ നിറഭേദങ്ങള്‍ വരുന്നത്. പുളിരസമുള്ള മണ്ണാണെങ്കില്‍ ഹൈഡ്രോഞ്ചിയുടെ പൂക്കള്‍ക്ക് ആകര്‍ഷകമായ നീല നിറമായിരിക്കും. ക്ഷാരസ്വഭാവമുള്ള മണ്ണാണെങ്കില്‍ പൂക്കള്‍ക്ക് പിങ്ക് നിറമായിരിക്കും. ഇത്രത്തോളം മണ്ണിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് രൂപമാറ്റം സംഭവിക്കുന്ന ഒരു സസ്യം ഇല്ലെന്നുതന്നെ പറയാം.ഹിമാലയസാനുക്കളില്‍ നിറയെ ഹൈഡ്രാഞ്ചിയ പൂക്കളെ കാണുന്നു. കൂടാതെ ജപ്പാന്‍,ചൈന,കൊറിയ തുടങ്ങിയ സ്ഥലങ്ങളിലും ഈ പുഷ്പത്തെ നിരവധി വര്‍ണ്ണ ഭേദങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. പകല്‍സമയങ്ങളില്‍ താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും, ഉച്ചതിരിഞ്ഞ് തണല്‍ ലഭ്യമാകുന്ന സ്ഥലവും കണ്ടെത്തി ഹൈഡ്രോഞ്ചിയ നട്ടു പരിപാലിക്കാം.ചെടിയുടെ വേരുകള്‍ മണ്ണിലേക്ക് നന്നായി ആഴ്ന്നിറങ്ങുന്നതുകൊണ്ടുതന്നെ താരതമ്യേന ഈ സസ്യത്തെ വലിയ ചട്ടികളില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കണം. മണ്ണില്‍ നടുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 4*4 അടി അകലത്തില്‍ വേണം നടുവാന്‍. സ്വതന്ത്ര വളര്‍ച്ച ഇഷ്ടപ്പെടുന്ന ചെടിയാണ് ഹൈഡ്രോഞ്ചിയ.നിങ്ങളുടെ ഉദ്യാനത്തിലെ ഹൈഡ്രോഞ്ചിയ പൂക്കള്‍ക്ക് നിറഭേദങ്ങള്‍ ഉണ്ടാക്കുവാന്‍ ചില പൊടിക്കൈകളും ഉണ്ട്.ചുണ്ണാമ്പ് കല്ല് മണ്ണില്‍ കലര്‍ത്തിയാല്‍ മണ്ണിന്റെ ക്ഷാര ഗുണം വര്‍ദ്ധിക്കുകയും നീലപ്പൂക്കള്‍ പിങ്ക് നിറത്തിലേക്ക് മാറുകയും ചെയ്യുന്നു. പിങ്ക് നിറത്തില്‍ നിന്ന് നീല നിറത്തിലേക്ക് രൂപ മാറണമെങ്കില്‍ കുറച്ച് ഇരുമ്പാണികള്‍ വെള്ളത്തില്‍ മുക്കിയിടുക. എന്നിട്ട് വെള്ളം ചെടിച്ചുവട്ടില്‍ ഒഴിച്ചു കൊടുത്തു നോക്കൂ പൂക്കള്‍ നീലനിറമായി മാറുന്നത് നിങ്ങള്‍ക്ക് നേരിട്ട് കാണാം.