Tuesday, May 14, 2024
keralaNewsObituary

മണ്ണാര്‍ക്കാട് ഇരട്ടക്കൊലയില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ

പാലക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണക്കോടതി .എപി സുന്നി പ്രവര്‍ത്തകരായ സഹോദരങ്ങളെ കൊന്ന കേസിലാണ് പ്രതികളായ 25 പേര്‍ക്ക് പാലക്കാട് അഡിഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

25 പ്രതികള്‍ക്കും ഒരു ലക്ഷം രൂപ വിധം പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട രണ്ടു പേരുടേയും കുടുംബത്തിനായി നല്‍കണം. സെഷന്‍ ജഡ്ജി രജിത ടി.എച്ച് ആണ് വിധി പ്രസ്താവിച്ചത്.

2013 നവംബര്‍ 21-നാണ് എപി സുന്നി പ്രവര്‍ത്തകരും സഹോദരങ്ങളുമായ പള്ളത്ത് നൂറുദ്ദീന്‍, കുഞ്ഞു ഹംസ എന്നിവര്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്.

സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് 1998-ല്‍ പാലയ്ക്കാപറമ്പില്‍ മുഹമ്മദ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീനും ഹംസയും. വര്‍ഷങ്ങള്‍ക്ക് ശേഷം പള്ളിയില്‍ പണപ്പിരിവുമായി ഉണ്ടായ തര്‍ക്കം വീണ്ടും എതിര്‍വിഭാഗത്തിന്റെ പ്രകോപനത്തിന് കാരണമായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ചോലാട്ടില്‍ സീദ്ദീഖ് ആയിരുന്നു കേസിലെ ഒന്നാംപ്രതി. കേസില്‍ ആകെ 90 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസില്‍ അറസ്റ്റിലായവരെല്ലാം മുസ്ലീംലീഗ് പ്രവര്‍ത്തകരോ അവരോട് അടുപ്പമുള്ളവരോ ആയിരുന്നു.

ഇരട്ടക്കൊല കേസില്‍ ആകെ 27 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ തീരും മുന്‍പേ മരിച്ചു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു. ഇയാളുടെ വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്.