Saturday, May 18, 2024
keralaNews

ഭൂ പ്രക്ഷോഭങ്ങളെ അവഗണിക്കുന്നതിൽ മുന്നണികൾ ഒരേ തൂവൽ പക്ഷികൾ

രണ്ട് പതിറ്റാണ്ടുകളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി ഭൂമി ആവശ്യപ്പെട്ടുകൊണ്ട് നടത്തിവരുന്ന ഭൂ സമരങ്ങളെ അവഗണിക്കുകയും, കോർപറേറ്റ് കമ്പനികൾക്കുവേണ്ടി ഭൂ രഹിതരായ കുടുംബങ്ങളെ കുടിയിറക്കുന്നതിന് കൂട്ട് നിൽക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് ഏകത പരിഷത്‌ സംസ്ഥാന പ്രസിഡന്റ് വടകോട് മോനച്ചൻ പറഞ്ഞു.
ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പടെ അനധികൃതമായി മുറിച്ചു വിറ്റതും സർക്കാർ പോക്കുവരവ് റദ്ദാക്കിയിട്ടും
ഭൂമി നിരുപാധികം ഏറ്റെടുക്കുന്നതിനു പകരം, സർക്കാർ ഖജനാവിൽ നിന്നും പണം ചെലവഴിച്ചു വിലയ്ക്ക് വാങ്ങാനാണ് സർക്കാർ ശ്രമിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ഭൂ അവകാശ – വനാവകാശ മാനിഫെസ്റ്റോ ക്യാമ്പയിന് ചെറുവള്ളിയിൽ തുടക്കം കുറിച്ചതിന്റെ ഭാഗമായി എരുമേലിയിൽ വച്ച് നടന്ന പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
അഞ്ചര ലക്ഷം ഏക്കർ ഭൂമി തിരിച്ചെടുക്കുന്നതിനു മുൻ യു ഡി എഫ് ഗവണ്മെന്റിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി റവന്യു സ്പെഷ്യൽ ഓഫിസർ എം ജി രാജമാണിക്യത്തെ നിയമി ക്കുകയും, ഹൈക്കോടതിയിൽ സർക്കാരിന് അനുകൂലമായ നിലപാട് എടുത്തിരുന്നുവെ ങ്കിലും, പിണറായിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ ഗവണ്മെന്റ് പ്ലീഡർ അഡ്വ : സുശീല ആർ ഭട്ടിനെ മാറ്റുകയും പകരം ഹാരിസൺ മലയാളം പോലെയുള്ള കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാട് ഹൈക്കോടതിയിൽ സ്വീകരിച്ച് കേസ്സുകൾ തോറ്റുകൊടുക്കുകയും, രാജമാണിക്യം റിപ്പോർട്ട് ആട്ടിമറിക്കുകയും ആയിരുന്നുവെന്ന് മുഖ്യ പ്രഭാഷണം ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.
ആദിവാസി ദളിത് മുന്നേറ്റ സമിതി  കോട്ടയം  ജില്ല പ്രസിഡന്റ്‌ പി കെ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു, ആദിവാസി ഗോത്ര  മഹാ സഭ  കൺവീനർ  സി ജെ തങ്കച്ചൻ, ആദിവാസി ദളിത്‌ മുന്നേറ്റ സമിതി നേതാക്കളായ  വി. രമേശൻ,മണി പി അലയമൻ സുലേഖ ബീവി, മനോഹരൻ അച്ചൻകോവിൽ, അമ്മിണി അണിയറ, ഗോപി മുക്കട, സജി കൃഷ്ണൻ, ഷിജോ വലിയപാതാൽ, അശോകൻ .ബി  പ്രസംഗിച്ചു.കയ്യേറ്റ  ഭീഷണിയുടെ
പശ്ചാത്തലത്തിൽ എരുമേലി ചെറുവള്ളി തോട്ടത്തിൽ മാനേജ്മെന്റ്   കാവലും,  എരുമേലി പോലീസ് നിരീക്ഷണവും ഏർപ്പെടുത്തി .