Tuesday, May 14, 2024
keralaNewsObituary

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

തിരുവനന്തപുരം: വീടിന്റെ മുന്‍വശത്ത് തുണി അലക്കിക്കൊണ്ട് നിന്ന ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആറ്റിങ്ങല്‍ മുദാക്കല്‍ ചെമ്പൂര്‍ കളിക്കല്‍ കുന്നിന്‍ വീട്ടില്‍ നിഷ(35)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അഴൂര്‍ സ്വദേശി സന്തോഷി(37)ന് കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ തുക ഒടുക്കിയില്ലങ്കില്‍ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട നിഷയുടെ മകള്‍ സനീഷയ്ക്ക് നല്‍കണമെന്നും തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ വിഷ്ണു ഉത്തരവിട്ടു.2011 ഒക്ടോബര്‍ 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിച്ചു വന്ന് ഭാര്യ നിഷയെ ഉപദ്രവിച്ചതിന് ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് കൊലപാതകത്തിനു കാരണം. സന്തോഷ് മദ്യപിച്ചു വന്ന് നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു. സംഭവത്തിന് തലേദിവസം നിഷ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിനെ തിരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്ന് വീട്ടില്‍നിന്നും മാറി നിന്നു. പിറ്റേ ദിവസം രാവിലെ ഏഴ് മണിയോടെ നിഷയുടെ വീട്ടിലെത്തി പൊലീസില്‍ പരാതിപ്പെട്ടതിന് നിഷയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് മടങ്ങിയ പ്രതി നിഷയുടെ സഹോദരി ജോലിക്കും അമ്മ രാധ വീട്ടുസാധനങ്ങള്‍ വാങ്ങാനും പോയ സമയത്ത് തിരികെ എത്തി വീടിന്റെ മുന്‍വശത്ത് തുണി അലക്കിക്കൊണ്ട് നിന്നിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ചു തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ട നിഷയുടെ മകള്‍ സനീഷ, അയല്‍വാസി സുനിത എന്നിവരായിരുന്നു കേസിലെ പ്രധാന ദൃക്‌സാക്ഷികള്‍. അച്ഛന്‍ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് കണ്ടുവെന്ന് മകള്‍ സനീഷയും തറയില്‍ വീണ നിഷയെ വീണ്ടും സന്തോഷ് മര്‍ദ്ദിക്കുന്നതു കണ്ടുവെന്ന് അയല്‍വാസി സുനിതയും കോടതി മുമ്പാകെ മൊഴി നല്‍കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍, ദേവിക മധു, അഖിലാ ലാല്‍ എന്നിവര്‍ ഹാജരായി. ആറ്റിങ്ങല്‍ പൊലീസ് മുന്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറും ഇപ്പോള്‍ ഡിസിആര്‍ബി ഡിവൈഎസ്പിയുമായ ബി.അനില്‍കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.