Monday, May 13, 2024
keralaNewsObituary

ഭാര്യയുമായി അടുപ്പം: യുവാവിനെ കൊന്ന് ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

പത്തനംതിട്ട : അടൂര്‍ പുല്ലാട് അയിരക്കാവില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ കൊലപ്പെടുത്തിയ വരയന്നൂര്‍ സ്വദേശി ‘കാലന്‍ മോന്‍സി’ എന്ന് വിളിപ്പേരുള്ള വിനോദ് ആണ് പൊലീസിന്റെ പിടിയിലായത്. മോന്‍സിയുടെ ഭാര്യയുമായി പ്രദീപ് കുമാര്‍ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മോന്‍സി പ്രദീപിനെ കൊലപ്പെടുക്കിയത്.
പ്രദീപ്കുമാറിനെ ഇന്ന് രാവിലെയോടെയാണ് വീടിന് സമീപത്തെ ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദീപിന്റെ പെണ്‍ സുഹൃത്തിന്റെ ഭര്‍ത്താവ് മോന്‍സി എന്ന കാലന്‍ മോന്‍സിയാണ് കൊലയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ മാരമണ്ണില്‍ നിന്നാണ് കോയിപ്പുറം പൊലീസ് അന്വേഷണം അറസ്റ്റ് ചെയ്തത്. ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരില്‍ മോന്‍സിയും പ്രദീപും തമ്മില്‍ ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി പ്രദീപിന്റെ വീട്ടിലെത്തിയ മോന്‍സി മര്‍ദ്ദനത്തിനൊടുവില്‍ അയാളെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രദീപിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്തെ ചതുപ്പില്‍ പ്രതി ചവിട്ടിത്താഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി വീടിനടുത്തുള്ള ശ്മശാനത്തിലാണ് ആദ്യം ഒളിച്ചത്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇവിടെ നിന്നും മാറി. മരിച്ച പ്രദീപും മോന്‍സിലും സുഹൃത്തുക്കളായിരുന്നു. ഭാര്യയുമായി പ്രദീപിനുള്ള അടുപ്പത്തെ ചൊല്ലിയാണ് ഇരുവരും അകലുന്നത്. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നു. മോന്‍സിയും ഭാര്യയും തമ്മിലുള്ള കുടുംബ ബന്ധത്തിലും വിള്ളലുണ്ടായി. ഇതോടെ മോന്‍സി പ്രദീപിനോട് കടുത്ത വൈരാഗ്യത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.രാത്രി മോന്‍സി പ്രദീപിനെ തേടി ഇയാളുടെ വീട്ടിലെത്തി. അവിടെ വെച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പ്രദീപിനെ മര്‍ദ്ദിക്കുകയും ഓടിച്ചിട്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ മോന്‍സി ഭാര്യയോടും മക്കളോടും താന്‍ പ്രദീപിനെ കൊലപ്പെടുത്തിയെന്ന വിവരം പറഞ്ഞു. തുടര്‍ന്ന് മോന്‍സിയുടെ ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിന്റെ മൃതദേഹം ചതുപ്പില്‍ നിന്ന് കണ്ടെത്തിയത്.