Saturday, May 18, 2024
indiakeralaNews

ബിനീഷ് കോടിയേരിയുടെ വിടുതല്‍ ഹര്‍ജി തള്ളി.

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ വിടുതല്‍ ഹര്‍ജി തള്ളി. ബിനീഷ് കേസില്‍ നാലാം പ്രതിയായി തുടരും.ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ ഹര്‍ജി ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് തള്ളിയത്.2020ലാണ് ബിനീഷ് കോടിയേരിയെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി അനൂപ് മുഹമ്മദാണ്. നാലാം പ്രതിയായിരുന്നു ബിനീഷ്. വിടുതല്‍ ഹര്‍ജി തള്ളിയതിനൊപ്പം ചില നിരീക്ഷണങ്ങളും കോടതി നടത്തിയിട്ടുണ്ട്. യാതൊരു രേഖയുമില്ലാതെയാണ് ഒന്നാം പ്രതിക്ക് ബിനീഷ് 40 ലക്ഷം രൂപ നല്‍കിയത്. ഇത് തിരിച്ചുപിടിക്കാന്‍ ബിനീഷ് ഒരു തരത്തിലും ശ്രമിച്ചില്ലെന്നും കോടതി പറഞ്ഞു. മുഹമ്മദ് അനൂപിനും പെണ്‍സുഹൃത്തിനുമൊപ്പം ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ദൃക്സാക്ഷി മൊഴിയുണ്ടെന്നും കോടതി പറഞ്ഞു.മുഹമ്മദ് അനൂപിന് ലഹരിയുമായി ബന്ധപ്പെട്ട ഇടപാടുണ്ടെന്ന് ബിനീഷിന് അറിയാമായിരുന്നെന്നും ഇത് അറിഞ്ഞുകൊണ്ടാണ് 40 ലക്ഷം രൂപ കൊടുത്തതെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് ബിനീഷ് കോടിയേരിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരിക്കുന്നത്. കേസിലെ ഒന്നു മുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്കെതിരേയാണ് എന്‍.ഡി.പി.എസ്. നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുള്ളത്. ബിനീഷിനെതിരേ എന്‍.ഡി.പി.എസ്. കുറ്റമില്ല, പകരം പി.എം.എല്‍.എ. പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഹമ്മദ് അനൂപിന് ബിനീഷ് നല്‍കിയ 40 ലക്ഷം രൂപ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിച്ചു എന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. അതിനാലാണ് വിടുതല്‍ ഹര്‍ജി തള്ളിയത്.