Saturday, May 18, 2024
keralaNewspolitics

ബിജെപിയെ ചെറുക്കാന്‍ യുഡിഎഫ് പോരാ എന്നതിനാലാണ് ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെ കൈവിട്ടത്; കെ മുരളീധരന്‍

ബിജെപിയെ ചെറുക്കാന്‍ യുഡിഎഫ് പോരാ എന്നതിനാലാണ് ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെ കൈവിട്ടതെന്ന് കെ മുരളീധരന്‍ എംപി. അത് പിണറായി വിജയന്‍ മുതലെടുത്തു. പിണറായി ന്യൂനപക്ഷങ്ങളോട് ബിജെപിയെ ചൂണ്ടിക്കാണിച്ച് അവരുടെ വോട്ടും വാങ്ങി, കോണ്‍ഗ്രസ് മുക്തഭാരതത്തിന്റെ ഭാഗമായി കേരളം കോണ്‍ഗ്രസ് മുക്തമാകണമെന്ന് പറഞ്ഞ് രഹസ്യമായി ബിജെപിയുടെ വോട്ടും വാങ്ങി. മൊത്തത്തില്‍ കഴിഞ്ഞതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് മൊത്തം നഷ്ടമാണുണ്ടായതെന്ന് മുരളീധരന്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അത് മനസിലാക്കികൊണ്ട് പാര്‍ട്ടിയുടെ നിലപാടിനനുസരിച്ച് കേന്ദ്രത്തിലെ മുഖ്യശത്രു ബിജെപിയും കേരളത്തിലെ ശത്രു സിപിഎമ്മിനുമെതിരെയുള്ള ആക്രമണത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. അതിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍്ത്തു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടില്ല. തുടക്കത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ രൂക്ഷമായി മുന്നോട്ടുപോകുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടിക്കടിയുള്ള പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരം മാത്രമല്ല, കേന്ദ്രനയങ്ങള്‍ക്കെതിരായി അഖിലേന്ത്യാതലത്തിലെ മുഖ്യശത്രു ബിജെപിയ്ക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം. അതിന് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തിന് കഴിയുമെന്ന് മുരളീധരന്‍ പറഞ്ഞു.