Sunday, May 12, 2024
keralaNewsObituary

ബാങ്ക് മാനേജറുടെ ആത്മഹത്യ: മേലധികാരികളെ ചോദ്യം ചെയ്യും

കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെ.എസ്.സ്വപ്ന ബാങ്കിനകത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാകുന്നു. എസ്‌ഐ കെ.ടി.സന്ദീപിന്റെ നേതൃത്വത്തില്‍ ഇന്നലെ ബാങ്കിലെ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്ത് മൊഴി ശേഖരിച്ചു. സ്വപ്നയുടെ മൊബൈല്‍ ഫോണിലുള്ള കാള്‍ വിവരങ്ങള്‍ പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത വരുത്തുമെന്ന് എസ്‌ഐ പറഞ്ഞു.

വൈകാതെ ബാങ്കിന്റെ മേലധികാരികളെ ചോദ്യം ചെയ്യുമെന്നും തൃശ്ശൂരില്‍ മണ്ണൂത്തി മുതുവറയിലുള്ള ബന്ധുക്കളെയും ചെന്നുകണ്ട് വിവരങ്ങള്‍ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു. ബാങ്കില്‍ ഇപ്പോള്‍ ഓഡിറ്റ് നടന്നുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ടും എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്‌ഐ പറഞ്ഞു. തൊഴില്‍ മേഖലയില്‍ തനിക്കുള്ള സംതൃപ്തി കുറവ് വീട്ടിലെ നോട്ടുബുക്കിലും ഓഫിസിലെ ഡയറിയിലും സ്വപ്ന രേഖപ്പെടുത്തിയത് പോലെതന്നെ ആത്മഹത്യയ്ക്ക് തലേന്ന് കൂടെ വീട്ടില്‍ കഴിയുന്ന മകള്‍ നിവേദിതയോടും പറഞ്ഞിരുന്നുവത്രേ.

കാലത്ത് മകള്‍ ഉണരുന്നതിന് മുന്‍പേ വീട്ടില്‍ നിന്ന് ഇറങ്ങിയാണ് ഓഫിസിലെത്തി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. അതേസമയം ബാങ്ക് ജീവനക്കാര്‍ക്കു മേല്‍ പലതരത്തിലുമുള്ള സമ്മര്‍ദങ്ങളാണ് മേലധികാരികളില്‍ നിന്നും ഉണ്ടാവുന്നതെന്നും ഇത്തരം സമ്മര്‍ദങ്ങളുടെ ഇരയാണ് സ്വപ്നയെന്നും ചൂണ്ടിക്കാട്ടി ബാങ്ക് ജീവനക്കാരുടെ സംഘടനയും രാഷ്ട്രീയ യുവജന സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ജില്ലാ കേന്ദ്രങ്ങളില്‍ കാനറ ബാങ്കിനു മുന്നില്‍ ഇന്ന് പ്രതിഷേധ സമരം നടക്കും.

കണ്ണൂര്‍ ജില്ലയിലെ സമരം തൊക്കിലങ്ങാടി ശാഖയ്ക്ക് മുന്നില്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അനില്‍ കുമാര്‍ പറഞ്ഞു. കാനറ സിന്‍ഡിക്കറ്റ് ബാങ്കുകളുടെ ലയനത്തിന് ശേഷം രാജ്യവ്യാപകമായി ബാങ്കുകള്‍ പൂട്ടുകയാണ്. അശാസ്ത്രീയമായ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ ജീവനക്കാരുടെ ജോലി ഇരട്ടിപ്പിക്കുകയാണെന്നും ജീവനക്കാരും ഇടപാടുകാരും ഒരുപോലെ പ്രയാസപ്പെടുകയാണെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.

പ്രതിഷേധം ശക്തം

കാനറ ബാങ്ക് ശാഖ മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫിയുടെ നേതൃത്വത്തില്‍ ഇന്നലെ കാനറ ബാങ്ക് പാലത്തുങ്കര മാവേലി ജംക്ഷനിലെ മെയിന്‍ ശാഖയ്ക്ക് മുന്‍പില്‍ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളുടെ ലാഭക്കൊതി ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് നയിക്കുന്ന പശ്ചത്തലത്തിലാണ് ജീവനക്കാര്‍ സമരത്തിറങ്ങിയത്. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ ഇന്നലെ കരിദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ജീവനക്കാര്‍ എത്തിയത്.

ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ അസി.സെക്രട്ടറി ബി.ഋഷികേശ് ഉദ്ഘാടനം ചെയ്തു. ബാങ്കുകളുടെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, ജീവനക്കാരില്‍ അമിത ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്ന മാനേജ്‌മെന്റ് നയങ്ങള്‍ തിരുത്തുക എന്നീ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഏരിയ സെക്രട്ടറി സി.പി.ലതേഷ്, കെ.മനോജ് കുമാര്‍, കെ.സജീവന്‍, കെ.രമേഷ്, വി.കെ.ഷീന, ജുബൈരിയത്ത് എന്നിവര്‍ പ്രസംഗിച്ചു. മാനേജ്‌മെന്റിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ തുടര്‍ന്നും വിവിധ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് തീരുമാനം.