Tuesday, May 21, 2024
keralaNews

ബന്ധുക്കള്‍ക്ക് എതിര്‍പ്പ് ഭൂമി വിട്ടു നല്‍കാന്‍ : 90 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്വന്തം ഭൂമി നല്‍കി അയല്‍വാസി

ശവസംസ്‌ക്കാരത്തിന് ബന്ധുക്കള്‍ ഭൂമി വിട്ടു നല്‍കാന്‍ വിസമ്മതിച്ചതോടെ 90 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്വന്തം ഭൂമി നല്‍കി അയല്‍വാസി .കോന്നി ഐരവന്‍ സ്വദേശി ശാരദയുടെ മൃതദേഹം സംസ്‌ക്കരിക്കാനാണ് അയല്‍വാസിയും സിപിഐ ലോക്കല്‍ സെക്രട്ടറിയുമായ വിജയ വില്‍സണ്‍ സ്ഥലം നല്‍കിയത്.ഇന്ന് രാവിലെയാണ് കോന്നി ഐരവന്‍ സ്വദേശി ശാരദ പ്രായാധിക്യത്തെ തുടര്‍ന്ന് മരണപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ തനിച്ചായിരുന്നു ശാരദ താമസിച്ചിരുന്നത്. എന്നാല്‍ ശാരദ മരിച്ചതോടെ നിരവധി ബന്ധുക്കള്‍ സ്വത്തിന് അവകാശവാദം ഉന്നയിച്ചു. ഇതോടെയാണ് ജീവിച്ച ഭൂമിയില്‍ ശാരദയുടെ ശവസംസ്‌കാരം അസാധ്യമായത്.ഈ വിവരം അറിഞ്ഞതോടെയാണ് അയല്‍വാസിയായ വിജയ വില്‍സണ്‍ സ്വന്തം ഭൂമിയില്‍ ശാരദയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ സ്ഥലം വിട്ടു നില്‍ക്കാമെന്ന് അറിയിച്ചത്.

സിപിഐ ലോക്കല്‍ സെക്രട്ടറി ആയ വിജയ് വില്‍സന്റെ തീരുമാനം പാര്‍ട്ടിയും ഏറ്റെടുത്തു.ശവസംസ്‌കാരത്തിന്റെ ചിലവുകള്‍ മുഴുവന്‍ സിപിഐ പ്രവര്‍ത്തകര്‍ വഹിച്ചു. ഇതോടെ 90 വര്‍ഷം ജീവിച്ച ഭൂമിയുടെ തൊട്ടടുത്തുതന്നെയായി ശാരദയ്ക്ക് അന്ത്യ യാത്രയ്ക്ക് അവസരം ഒരുങ്ങി.കാലങ്ങളോളം പരിചയമുണ്ടായിരുന്ന അയല്‍വാസിക്ക് അവസാന യാത്രയ്ക്ക് ആറടി മണ്ണ് വിട്ടു നല്‍കിയ വിജയ വില്‍സനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.