പൊങ്കാല അര്‍പ്പണത്തിന് ചക്കുളത്ത് കാവിലെത്തിയത് പതിനായിരങ്ങള്‍
ആലപ്പുഴ: തൃക്കാര്‍ത്തിക നാളിലെ പൊങ്കാല അര്‍പ്പണത്തിന് ചക്കുളത്ത് കാവിലെത്തിയത് പതിനായിരങ്ങള്‍.ചക്കുളത്ത് കാവിന് പരിസരത്തും ദൂരദേശങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലെത്തിയത്. കൈയില്‍ പൂജാദ്രവ്യങ്ങളും പൊങ്കാലക്കലങ്ങളും നാവില്‍ ദേവീസ്തുതികളുമായി നാനാദേശങ്ങളില്‍ നിന്നായി നേരത്തെ തന്നെ ഭക്തര്‍ ക്ഷേത്രാങ്കണത്തില്‍ ഇടം പിടിച്ചു. ക്ഷേത്രമുറ്റത്ത് പൊങ്കാലയിടാനായി പതിനായിരക്കണക്കിനു സ്ത്രീകള്‍ ചൊവ്വാഴ്ച തന്നെ ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു.ക്ഷേത്രപരിസരത്തിനു പുറമെ 70 കിലോമീറ്ററോളം നീളത്തില്‍ വരെ പൊങ്കാലയര്‍പ്പിക്കാനെത്തിയവരുടെ നിര നീണ്ടു. ക്ഷേത്രത്തില്‍ നിന്ന് മുളക്കുഴ, ഇടിഞ്ഞില്ലം – തിരുവല്ല, വള്ളംകുളം – കറ്റോട്, ചെന്നിത്തല – പൊടിയാടി, വീയപുരം, പച്ച – എടത്വാ, മുട്ടാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിവിധ റോഡരികുകളിലൂടെ പൊങ്കാലര്‍പ്പണം നീണ്ടു. അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായാണ് ഭക്തര്‍ ചക്കുളത്തമ്മയ്ക്കു പൊങ്കാലയിടുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ ഭക്തര്‍ പൊങ്കാലയിടാനെത്തിയിരുന്നു.