Monday, May 13, 2024
indiaNews

പൊതുമുതല്‍ നശിപ്പിക്കല്‍: നിര്‍ണായക ശുപാര്‍ശകളുമായി നിയമ കമ്മീഷന്‍

ദില്ലി: പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലെ പ്രതികളുടെ ജാമ്യവ്യവസ്ഥ കര്‍ശനമാക്കാന്‍ ശുപാര്‍ശകളുമായി ദേശീയ നിയമ കമ്മീഷന്‍. ജാമ്യം കിട്ടണമെങ്കില്‍ നശിപ്പിച്ച മുതലിന് തുല്യമായ ജാമ്യതുക കെട്ടിവെക്കണം എന്നാണ് ശുപാര്‍ശ. ഇതുള്‍പ്പെടുത്തിയുള്ള നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളുടെയും വിവിധ ഹൈക്കോടതി വിധികളുടെയും പശ്ചാത്തലത്തിലാണ് നിയമകമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ആഹ്വാനം ചെയ്ത് പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ ഭാരവാഹികളെ പ്രതികളാക്കാമെന്നും ശുപാര്‍ശയിലുണ്ട്. കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യം ലഭിക്കുന്നതിനും കര്‍ശനനിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ശുപാര്‍ശ കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.പ്രതികള്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ നശിപ്പിച്ച വസ്തുവിന്റെ വിലക്ക് തത്തുല്യമായ ജാമ്യതുക നല്‍കണം. വില നിശ്ചയിക്കാന്‍ കഴിയാത്ത വസ്തുവിന് കോടതി പറയുന്ന തുകയാകും കെട്ടി വയ്‌ക്കേണ്ടി വരിക. 2015ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ മറ്റു വ്യവസ്ഥകളും കമ്മീഷന്‍ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍, ഈ ബില്ലില്‍ പാര്‍ലമെന്റ് തീരുമാനം എടുത്തിരുന്നില്ല.കേരളത്തിലടക്കം മുന്‍കാല ഹൈക്കോടതിവിധികളുടെ അടിസ്ഥാനത്തില്‍ കര്‍ശനവ്യവസ്ഥകളുണ്ട്. എന്നാല്‍ പല സംസ്ഥാനങ്ങളിലും പൊതുമുതല്‍ നശിപ്പിക്കുന്നതിന് എതിരെ കര്‍ശനനടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് നിയമകമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്.