Wednesday, May 15, 2024
keralaNews

പേവിഷബാധയേറ്റ പശുവിനെ വെടിവെച്ച് കൊന്നു

തൃശ്ശൂര്‍: പാലപ്പിള്ളി എച്ചിപ്പാറയില്‍ പേയിളകിയ പശുവിനെ വെടിവെച്ച് കൊന്നു. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പശുവിനെയാണ് കൊന്നത്. എച്ചിപ്പാറ സ്വദേശി ഖാദറിന്റേതാണ് പശു.ബുധനാഴ്ച രാവിലെയാണ് പേയിളകിയതിന്റെ ലക്ഷണങ്ങള്‍ പശു കാണിച്ചു തുടങ്ങിയത്. വ്യാഴാഴ്ച രാവിലെയോടെ ലക്ഷണങ്ങള്‍ ഗുരുതരമായി. തുടര്‍ന്ന് പോലീസ്, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, വനംവകുപ്പ് അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചത്. പശുവിന് പേവിഷബാധയേറ്റതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള ആന്റണിയെത്തി വെടിവെക്കുകയുമായിരുന്നു. വരന്തിരപ്പള്ളി എസ്.ഐ. എ.വി. ലാലു ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു.