Friday, March 29, 2024
indiaNewsObituary

ബിജെപി ദേശീയ നിര്‍വാഹ സമിതി; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെത്തി

ഹൈദരാബാദ്: ബിജെപി യുടെ ദ്വിദിന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെത്തി. 2024ലെ ദേശീയ തിരഞ്ഞെടുപ്പ്, പാര്‍ട്ടിയുടെ വിപുലീകരണം, ബിജെപിയുമായി ബന്ധപ്പെട്ട നയങ്ങള്‍ എന്നിവയെപ്പറ്റി യോഗത്തില്‍ പ്രധാനമന്ത്രി മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തും.         

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യോഗം കൂടിയാണിത്.

യോഗത്തിന് ശേഷം നാളെ ഹൈദരാബാദ് പോലീസ് ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദ് ദേശീയ നിര്‍വാഹക സമിതി സമ്മേളനത്തിന് വേദിയാകുന്നത്. 119 നിയോജക മണ്ഡലങ്ങളിലെ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന വന്‍ റാലിയ്ക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

വരുന്ന മൂന്ന് ദിവസങ്ങള്‍ വളരെ സുപ്രധാനമാണെന്നും ബിജെപിയ്ക്ക് അനുകൂലമായി ആളുകള്‍ ചിന്തിച്ച് തുടങ്ങാന്‍ സമ്മേളനം സഹായകമാകുമെന്നും തെലങ്കാന ബിജെപി വക്താവ് എന്‍വി സുഭാഷ് പറഞ്ഞു.

തെലങ്കാന മുന്‍ എംപി കെ വിശ്വേശര്‍ റെഡ്ഡി ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ഇത്തരത്തിലൊരു റാലി നടത്തുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.