Tuesday, May 7, 2024
keralaNews

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഭീകര സംഘടന ഐഎസിന്റെ പേരില്‍ ഭീഷണി സന്ദേശം.

കൊച്ചി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഭീകര സംഘടന ഐഎസിന്റെ പേരില്‍ ഭീഷണി സന്ദേശം. കിറ്റെക്‌സിനെതിരെ പ്രവര്‍ത്തിച്ചാല്‍ ബോംബെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുന്ന കത്തില്‍ വെങ്ങോലയിലെ ഐഎസ് അംഗമാണെന്നു വ്യക്തമാക്കുന്നുണ്ട്. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തില്‍ വച്ചിട്ടുണ്ടെങ്കിലും ഇത് ശരിയായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. കത്ത് ലഭിച്ച എംഎല്‍എ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.കത്തില്‍ പി.ടി. തോമസ് എംഎല്‍എ, ബെന്നി ബഹന്നാന്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ക്കെല്ലാം എതിരെ രൂക്ഷമായ അസഭ്യ വര്‍ഷം നടത്തിയിട്ടുണ്ട്. എല്‍ദോസിനെ പെരുമ്പാവൂര്‍ എംഎല്‍എ ആയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി ട്വന്റി ആണ് ഭരിക്കുന്നത്. കിഴക്കമ്പലത്തെ കോണ്‍ഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് അങ്ങനെ വന്നത്. പി.ടി. തോമസ് കാളപെറ്റെന്നു പറഞ്ഞാല്‍ കയറെടുക്കുന്ന ആളാണ്. തോമസ് വിചാരിച്ചാല്‍ ട്വന്റി ട്വന്റിയെ ഒന്നും ചെയ്യാനാവില്ലെന്നും കത്തില്‍ അവകാശപ്പെടുന്നു.യുഡിഎഫിലെ 41 എംഎല്‍എമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തില്‍ എന്നു പറഞ്ഞാണ് ഏഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സമൂഹമാധ്യമത്തില്‍ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൈപ്പടയില്‍ എഴുതിയ കത്തായതിനാല്‍ പ്രതിയെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.